സ്വകാര്യ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധ
എസ്എഫ്ഐ പ്രതിഷേധിച്ചു

ശൂരനാട്
പോരുവഴി ഏഴാം മൈൽ സെന്റ് തോമസ് സിബിഎസ്‌ഇ സ്കൂളിലെ മുപ്പതോളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണവും തുടർ നടപടിയും ആവശ്യപ്പെട്ടും കുട്ടികളുടെ ചികിത്സാച്ചെലവ് സ്കൂൾ മാനേജ്മെന്റ് വഹിക്കണമെന്ന് ആവശ്യപ്പെട്ടും എസ്എഫ്ഐ ശൂരനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സമരം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അസ്‌ലം ഷാജഹാൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് അർജുൻ അധ്യക്ഷനായി. സെക്രട്ടറി വിഷ്ണു, സിപിഐ എം ഏരിയ സെക്രട്ടറി ബി ശശി, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ അമ്പിളിക്കുട്ടൻ, കെ ശിവപ്രസാദ്, എ റമീസ്, സിപിഐ എം ലോക്കൽ സെക്രട്ടറി ആർ ഹരിപ്രസാദ്, ഡിവൈഎഫ്ഐ നേതാക്കളായ ഷാഹിദ് ചിറയിൽ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജൂൺ നാലിനാണ് സംഭവം. തുടർന്ന് സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. സ്കൂളിലെ വെള്ളം ഉപയോഗിച്ച കുട്ടികൾക്കാണ് അസ്വസ്ഥതതകൾ ഉണ്ടായത്. കുന്നത്തൂർ സ്വദേശിയായ സ്വകാര്യ വ്യക്തി മുഖേന സ്കൂൾ കിണറ്റിലേക്ക് വെള്ളം എത്തിച്ചിരുന്നു. സ്കൂളിലെയും വെള്ളം ശേഖരിച്ച കിണറിലെയും വെള്ളത്തിന്റെ സാമ്പിളുകളിൽ കോളിഫോം ബാക്റ്റീരിയ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ശൂരനാട് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല.










0 comments