മീൻപിടിത്തയാനം തകർന്ന സംഭവം
യുവാവിനുവേണ്ടിയുള്ള തിരച്ചിൽ പ്രഹസനം

സ്വന്തം ലേഖകൻ
Published on Aug 05, 2026, 12:20 AM | 1 min read
കൊല്ലം
നീണ്ടകരയിൽനിന്നു മീൻപിടിക്കാൻ പോകവെ മത്സ്യബന്ധന യാനം പ്രകൃതിക്ഷോഭത്തിൽ തകർന്ന് കണാതായ ഗൗതം കൃഷ്ണ (26)നായുള്ള തിരച്ചിൽ പ്രഹസനം. അപകടം നടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും യുവാവിനുവേണ്ടിയുള്ള തിരച്ചിലിന് വകുപ്പുകളുടെ ഏകോപനത്തിനോ കൂടുതൽ സംവിധാനങ്ങൾ എത്തിക്കുന്നതിനോ ഫിഷറീസ് വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിലുണ്ടായിട്ടുള്ള ഗുരുതര വീഴ്‌ചയ്‌ക്കെതിരെ തീരദേശത്ത് പ്രതിഷേധം കനക്കുകയാണ്. വെള്ളി രാവിലെ ആറിന് നീണ്ടകരയിൽനിന്നു മീൻപിടിക്കാൻപോയ ‘ശ്രീകൃഷ്‌ണഭഗവാൻ കുറുവടിക്കാരന്‍’ ഒൗട്ട്‌ബോർഡ് ഫൈബർ വള്ളത്തിലെ തൊഴിലാളികൾ ആണ് അപകടത്തിൽപ്പെട്ടത്. നീണ്ടകര തുറമുഖത്തുനിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ പുലിമുട്ടിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി എത്തിയ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടം കണ്ട് മീൻപിടിത്തത്തിൽ ഏര്‍പ്പെട്ടിരുന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍ എത്തി 11 പേരെ രക്ഷപ്പെടുത്തി. ചവറ പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രാജീവൻ (76)മരിച്ചു. ഇദ്ദേഹത്തിന്റെ മരുമകൻ പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47), രാധാകൃഷ്‌ണന്റെ മകൻ ഗൗതം കൃഷ്ണൻ (26)എന്നിവരെ കാണാതായി. ഇതിൽ രാധാകൃഷ്ണന്റെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടിയിരുന്നൂ. തിരച്ചിൽ ഊർജിതമായി നടത്താൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് എച്ച് ബേയ്‌സിൽ ലാൽ, സെക്രട്ടറി ടോംസൺ ഗിൽബർട്ട് എന്നിവർ ആവശ്യപ്പെട്ടു. തിരച്ചിൽ എല്ലാം പേരിനുവേണ്ടി മാത്രമാണ്. കോസ്റ്റൽ പൊലീസ് തിരച്ചിൽ നടത്തുന്നതല്ലാതെ മറ്റ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല. മുങ്ങൽ വിദഗ്‌ധൻ ഒരുദിവസംകൊണ്ട് തിരച്ചിൽ അവസാനിപ്പിച്ചു. നേവിയുടെ സംവിധാനം ഉപയോഗിച്ചില്ല. ഗുരുതരമായ വീഴ്‌ചയാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അനാഥമായ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. ഒരാൾക്ക് ജോലി നൽകണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments