ad
Deshabhimani

അവാർഡ് തിളക്കത്തിന്റെ ‘വർഷ സംഗീതം'

മികച്ച ഗായികയ്ക്കുള്ള തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ വർഷ രഞ്ജിത് അച്ഛൻ രഞ്ജിത്തിനും അമ്മ ഷീബയ്ക്കും ഒപ്പം
avatar
എസ് അനന്ദ വിഷ്ണു

Published on Apr 14, 2026, 12:40 AM | 1 min read

കൊല്ലം

​​തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കേരളത്തിനും കൊല്ലത്തിനും അഭിമാനമായി വർഷ രഞ്ജിത്. തായി നിലം എന്ന സിനിമയിലെ ആഗായം മേലെ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വർഷയെ തേടിയെത്തിയത്. നാലാംവയസ്സിൽ പാൽ എന്ന തമിഴ് സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്കെത്തിയ വർഷ നിലവിൽ ​കൊല്ലം ഫാത്തിമ കോളേജിലെ മൂന്നാംവർഷ ബികോം വിദ്യാർഥിനിയാണ്. ഇരവിപുരം സ്വദേശിയും സംഗീത സംവിധായകനും ഗായകനുമായ രഞ്ജിത് വാസുദേവന്റെ ഇളയ മകളാണ്. കുടിയേറ്റത്തിന്റെ കഥ പറയുന്ന നിലത്തിൽ പിതാവിന്റെ മരണവും അതിനുശേഷം ആദ്യമായി സ്‌കൂളിലേക്ക് പോകേണ്ടി വരുമ്പോൾ മകൾക്കുണ്ടാക്കുന്ന വേദന നിറഞ്ഞ ഓർമകൾ സംഗീതത്തിന്റെ മാന്ത്രികതയിലൂടെ കാഴ്ചക്കാരിലേക്ക് എത്തിച്ചതിനാണ് ആഗായം മേലെ തമിഴ്നാട് സർക്കാർ അവാർഡിനായി തെരഞ്ഞെടുത്തത്.ഫെബ്രുവരി 13നു ചെന്നൈ കലൈഞർ അരംഗത്തിൽ വച്ചു നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. ആറാംവയസ്സിൽ തമിഴ് സിനിമ ചാരുലതയിൽ നാലു ഭാഷകളിൽ പാടി ശ്രദ്ധനേടിയ വർഷ മലയാളത്തിൽ പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, സുലേഖ മൻസിൽ, വാങ്ക്, ഇൻഷാ, ശാന്തമീ രാത്രിയിൽ, ജീവൻ, ഒരു അതിഭീകര കാമുകൻ സിനിമകളിലും ശബ്ദസാന്നിധ്യമായി. നിരവധി തമിഴ് ചിത്രങ്ങളും പരസ്യചിത്രങ്ങളിലും പാടിയിട്ടുണ്ട്. വർഷ പാടിയ കവർ സോങ്ങും ഏറെ ശ്രദ്ധനേടി. തമിഴ്നാട്ടിലായിരുന്നു പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസമെങ്കിലും 2020മുതൽ ജന്മനാടായ കൊല്ലത്തെത്തി. ഇരവിപുരം ചായക്കട മുക്കിലെ ബാലേട്ടൻ എന്ന വീട്ടിലേക്ക് വർഷ എത്തിയത് ജില്ലയിലെ തന്റെ വേരുകൾ ഉറപ്പിച്ചുകൊണ്ടായിരുന്നു. അച്ഛൻ രഞ്ജിത്ത് തന്നെയാണ് വർഷയുടെ ഗുരു. അമ്മ ഷീബ സംഗീതത്തിൽ ബിരുദധാരിയാണ്. ചേട്ടൻ വൈശാഖും സംഗീതലോകത്തുതന്നെയാണ്. സംഗീത സംവിധായകൻ ശരത് അച്ഛന്റെ സഹോദരനാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home