ചുവരെഴുത്തുകളിൽ നിറഞ്ഞ് സമരാവേശം

കൊല്ലം
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു നേതൃത്വത്തിൽ ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ഡൽഹിയിലെ രാംലീല മൈതാനം കേന്ദ്രീകരിച്ച് നടക്കുന്ന ഓക്യുപൈ ഡൽഹി പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ചുവരെഴുത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം. കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി ലക്ഷക്കണക്കിന് തൊഴിലാളികൾ പ്രക്ഷോഭത്തിൽ അണിനിരക്കും. തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന തൊഴിൽനിയമ പരിഷ്കാരങ്ങൾ പിൻവലിക്കുക. സ്ഥിരം തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക. അസംഘടിത മേഖലയിലെയും സ്കീം വർക്കർമാരുടെയും (ആശ, അങ്കണവാടി തുടങ്ങിയവ) മിനിമം വേതനം വർധിപ്പിക്കുകയും പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക. തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയും സ്വകാര്യവൽക്കരണ നീക്കങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഓക്യുപൈ ഡൽഹി പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. പ്രസംഗങ്ങൾ നടത്തി പിരിഞ്ഞുപോകുന്ന ഒരു സാധാരണ ഏകദിന പ്രതിഷേധമായിരിക്കില്ല ഇതെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പറഞ്ഞു. പാർലമെന്റിലേക്ക് മാർച്ച് നടത്തുന്ന തൊഴിലാളികളെ പൊലീസ് വഴിയിൽ തടഞ്ഞാൽ അവിടെത്തന്നെ കുത്തിയിരുന്ന് സമരം തുടരാനാണ് തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രിയെയും കേന്ദ്ര തൊഴിൽമന്ത്രിയെയും കാണാൻ നേതാക്കൾ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.









0 comments