ആർഎസ്എസ് നീക്കം ആസൂത്രിതം

സ്വന്തം ലേഖകൻ
Published on Feb 26, 2026, 01:24 AM | 1 min read
കൊല്ലം
തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിൽ ഗാനമേളയ്‌ക്കിടെ ആർഎസ്‌എസ് സ്‌തുതിഗീതം പാടിച്ചതും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുടെ വീടിനു നേരെയുണ്ടായ ആക്രമണവും ആസൂത്രിതം. എല്ലാ വിശ്വാസികൾക്കും കടന്നുവരാവുന്ന ക്ഷേത്രമൈതാനവും ഉത്സവ പരിപാടികളും ചിലർക്ക് മാത്രമായി മാറ്റുകയും പൂർണനിയന്ത്രണത്തിലാക്കുകയുമെന്ന ആർഎസ്‌എസ് അജൻഡയാണ് തൃക്കടവൂരിൽ നടപ്പാക്കിയത്. ക്ഷേത്രത്തിൽ നിയമംലംഘിച്ച് ഇവർ നിരവധി കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കടയ്ക്കൽ കോട്ടുക്കല്‍ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആർഎസ്‌എസ് സ്‌തുതിഗീതം പാടിയ സംഭവത്തിൽ ക്ഷേത്രോ പദേശകസമിതി പിരിച്ചുവിട്ടിരുന്നു. തൃക്കടവൂർ മഹാദേവർ ക്ഷേത്രോപദേശകസമിതി പിരിച്ചുവിടണമെന്നും വിശ്വാസികൾ പറയുന്നു. രണ്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളാണ്. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ രാഷ്ട്രീയസംഘടനകളുടെയോ അവയുമായി സാമ്യമുള്ളതോ ആയ കൊടികൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതിയുടെയും ദേവസ്വം ബോർഡിന്റെയും നിർദേശം കാറ്റിൽ പറത്തിയാണ് തൃക്കടവൂർ മഹാദേവ ക്ഷേത്രോപദേശക സമിതിയുടെ ഭരണം. ക്ഷേത്രത്തിലെ സ്റ്റേജിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും ശ്രീരാമന്റെയും ഫ്ലക്സ് ബോർഡുകൾ പതിച്ചിട്ടുണ്ട്. മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ആർഎസ്‌എസ് സ്‌തുതിഗീതം പാടിയത് ചോദ്യംചെയ്‌ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജിയെ തുടർന്ന് പ്രാദേശിക ആര്‍എസ്എസ് നേതാക്കളെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.










0 comments