ad
Deshabhimani

റോസ്‌മല... വനമധ്യത്തിലെ സുന്ദരി

റോസ്മല വ്യൂ പോയിന്റ് ആകാശദൃശ്യം
avatar
രാജേഷ് ജാൻവി

Published on Apr 15, 2026, 01:40 AM | 1 min read

പുനലൂർ

ജില്ലയുടെ കിഴക്കൻ മേഖലയിൽ വനമധ്യത്തിലെ റോസ്‌മല എന്ന കൊച്ചുഗ്രാമം വിനോദസഞ്ചാരികളുടെ പറുദീസയാണ്. കൊല്ലം– - തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവിൽനിന്ന്‌ 13 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചുവേണം പ്രകൃതിരമണീയമായ റോസ്‌മലയിൽ എത്താൻ. രാവിലെയും വൈകിട്ടും കെഎസ്ആർടിസി ബസ് സർവീസ് ഉണ്ടെങ്കിലും സമാന്തര ജീപ്പ് സർവീസ് ആണ് പ്രധാന ഗതാഗതമാർഗം. സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കൾ ഇരുചക്രവാഹനങ്ങളിലാണ് വനപാതയിലൂടെ റോസ്‌മലയിൽ എത്തുന്നത്. വിനോദസഞ്ചാരികളായി എത്തുന്നവർക്ക് വനംവകുപ്പ് നടത്തുന്ന ഇക്കോ ടൂറിസം വ്യൂ ടവറാണ് പ്രധാന ആകർഷണം. വിശാലമായ തെന്മല ഡാമിന്റെ ജലസംഭരണിയും തടാകതീരത്ത് വന്യജീവികൾ മേഞ്ഞുനടക്കുന്നതും വിവിധ ആകൃതികളിലുള്ള തുരുത്തുകളുടെ ആകാശക്കാഴ്ചയും പശ്ചിമഘട്ട മലനിരകളും ഒരു സ്ഥലത്തുനിന്ന് കണ്ട് ആസ്വദിക്കാൻ കഴിയുന്ന അപൂർവ അവസരമാണ്. പ്രകൃതിസ്നേഹികളായ വിനോദസഞ്ചാരികൾക്ക് വിദൂരദൃശ്യങ്ങൾ ആസ്വദിക്കുന്നതിനും പക്ഷി നിരീക്ഷണത്തിനുമായി വ്യൂ ടവറിൽ ടെലസ്കോപ്പും പരിസരത്ത്‌ രാത്രി ടെൻഡിനുള്ളിൽ താമസിക്കാൻ സൗകര്യവും ഉടൻ ആരംഭിക്കുന്നതിന്‌ ശെന്തുരുണി ഇക്കോടൂറിസം നടപടി ആരംഭിച്ചിട്ടുണ്ട്. ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗ്രാമീണ ഭക്ഷണവും കുറഞ്ഞ ചെലവിൽ താമസസൗകര്യവും ഉടന്‍ ആരംഭിക്കും. ​കുളത്തുപ്പുഴ പഞ്ചായത്തിന്റ ഭാഗമായ റോസ്‌മല നാലുവശവും ശെന്തുരുണി വനത്താൽ ചുറ്റപ്പെട്ടതാണ്. തെന്മല ഡാം നിർമാണത്തിനു മുന്പ്‌ മാമൂട്, കല്ലാർ, കട്ടിളപ്പറ, നെടുവണ്ണൂർകടവ് വഴി ആയിരുന്നു ഗ്രാമവാസികള്‍ നഗരത്തിലെത്തിയിരുന്നത്. ആദ്യഘട്ടത്തില്‍ ഏകദേശം 215 കുടുംബങ്ങളിലായി ആയിരത്തിനു മുകളിൽ ജനസംഖ്യ ഉണ്ടായിരുന്നു. പലരും മെച്ചപ്പെട്ട ജീവിതസൗകര്യം തേടി വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറി. മനുഷ്യ– വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വനം വകുപ്പ് വഴി നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്ത് സ്വയംസന്നദ്ധരായ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും കുറച്ചുപേര്‍ ഇപ്പോഴും ഇവിടുണ്ട്. 100ൽതാഴെ കുടുംബങ്ങളിലായി ഏതാണ്ട് 300 ആളുകൾ താമസിക്കുന്നുണ്ട്. കൃഷിയും കന്നുകാലി വളർത്തലുമാണ് പ്രധാന ഉപജീവന മാർഗം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home