ലക്ഷം കടന്ന് ടാർ വില
ജില്ലയിൽ റോഡ് നിർമാണം പ്രതിസന്ധിയിൽ

കൊല്ലം
പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ടാർ (ബിറ്റുമിൻ) വില കുതിച്ചുയർന്നത് ലക്ഷത്തിലേക്ക്. പിഡബ്ല്യൂഡി, ഗ്രാമീണറോഡ് നിർമാണവും അറ്റകുറ്റപ്പണിയും പ്രതിസന്ധിയിൽ. പുതിയ ജോലികൾ ഏറ്റെടുക്കാനോ നിലവിലുള്ള കരാറുകൾ പൂർത്തിയാക്കാനോ കഴിയാതെ കരാറുകാർ കടക്കെണിയിൽ. കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ട ദേശീയപാത, പിഡബ്ല്യൂഡി അടക്കമുള്ള റോഡ് നിർമാണത്തിനും ബിറ്റുമിൻ അടങ്ങിയ ടാറിന് ടണ്ണിന് 13,406രൂപ വർധിച്ചതോടെ ഒന്നരലക്ഷം രൂപയായി വില. പ്രത്യേക വർക്കുകൾക്ക് ഉപയോഗിക്കുന്ന ‘വിജി40’, ‘എഫ്‌ഒ ബൾക്ക്’ എന്നിവയ്‌ക്ക് ടണ്ണിന് യഥാക്രമം 99139, 99255രൂപയായി. ഗ്രാമീണ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന 156കിലോ വരുന്ന ഒരു ബാരൽ ‘വിജി30’ , ‘എൻആർഎംബി’ എന്നിവയ്‌ക്ക് ഇപ്പോൾ 17,000രൂപയ്‌ക്ക് മുകളിലാണ് വില. ഇതിന് നേരത്തെ 9000 രൂപയായിരുന്നു വില. ഓരോ മാസവും വിലയിൽ രണ്ടുതവണയാണ് വ്യത്യാസം ഉണ്ടാകുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വില കുതിച്ചുകയറിയത്. ബാരലിന് 16,000 രൂപയുള്ളിടത്ത് കരാറുകാർക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്നത് 6000രൂപ മാത്രമാണ്. ടാർ വില കുടിയതനുസരിച്ച് പുതിയ കരാറുകൾക്ക് 2000രൂപ കൂട്ടിനൽകാൻ തദ്ദേശവകുപ്പ് തീരുമാനിച്ചെങ്കിലും മാർക്കറ്റ് വിലയുടെ പകുതി പോലും തികയാത്ത സാഹചര്യത്തിൽ ജോലി ഏറ്റെടുക്കണ്ട എന്ന തീരുമാനത്തിലാണ് കരാറുകാർ. രാജ്യത്താവശ്യമുള്ള ടാറിന്റെ 40ശതമാനവും ഇറക്കുമതിചെയ്യുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര അസംസ്കൃത എണ്ണ വിപണിയിലെ പ്രതിസന്ധിയും വിലവർധനയ്‌ക്കു കാരണമായി. ടാർ വില കുത്തനെ ഉയർന്നതോടെ പഴയ എസ്റ്റിമേറ്റ് നിരക്കിൽ പണി തുടരുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതിനാൽ കരാറുകാർ പണി നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ ജില്ലയിൽ റോഡ് നിർമാണവും അറ്റകുറ്റപ്പണികളും മുടങ്ങി. കരിങ്കല്ല്, എം-സാൻഡ്, മെറ്റൽ, ഗ്രാവൽ തുടങ്ങിയ നിർമാണസാമഗ്രികൾ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്‌നാട് സർക്കാർ ജൂലൈ 27മുതൽ ഏർപ്പെടുത്തിയ വിലക്കും തിരിച്ചടിയാണ്.









0 comments