Deshabhimani

റോഡിന്റെ വശങ്ങൾ കോൺക്രീറ്റ്‌ ചെയ്യാതെ കരാറുകാരൻ മുങ്ങി

ഏഴാംമൈൽ–പാലത്തിൻകടവ്‌ (തെങ്ങമം) റോഡിൽ ഇടയ്‌ക്കാട്‌ തെക്ക്‌ വായനശാല ജങ്‌ഷന്‌ വടക്ക്‌ കുന്പളുവിള ജങ്‌ഷന്‌ സമീപം റോഡിന്റെ ഇരുവശവും കോൺക്രീറ്റ്‌ ചെയ്യാത്ത നിലയിൽ
വെബ് ഡെസ്ക്

Published on Oct 12, 2026, 12:48 AM | 1 min read


ശൂരനാട്‌

ടാർ റോഡിന്റെ ഇരുവശവും കോൺക്രീറ്റ്‌ ചെയ്യാത്തതുമൂലം കുഴികൾ രൂപപ്പെട്ടു. അപകടവും പതിവായി. ഏഴാംമൈൽ– പാലത്തിൻകടവ്‌ (തെങ്ങമം) റോഡിൽ കനാൽമുക്കുമുതൽ കുന്പളുവിള ജങ്ഷന്‌ സമീപം വരെയാണ്‌ റോഡിന്റെ ഇരുവശവും കുഴിയായത്‌. റോഡ്‌ നിർമാണം ഏറ്റെടുത്ത കരാറുകാരൻ വശങ്ങളിൽ കോൺക്രീറ്റ്‌ ചെയ്തിരുന്നില്ല. പരാതി ഉയർന്നിട്ടും പിഡബ്ല്യൂഡി റോഡുവിഭാഗം നടപടിയെടുക്കുന്നില്ല. കരാറുകാരൻ ബിൽ മാറിക്കൊണ്ടു പോകുന്നതിനുമുന്പ്‌ ഇവിടെ കോൺക്രീറ്റ്‌ ചെയ്യാൻ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്‌. നിത്യേന നൂറുകണക്കിന്‌ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്‌. കൊല്ലം ജില്ലയിലെ പോരുവഴി, കുന്നത്തൂർ പഞ്ചായത്ത്‌ നിവാസികളും പത്തനംതിട്ട ജില്ലയിലെ കടന്പനാട്‌, പള്ളിക്കൽ പഞ്ചായത്ത്‌ നിവാസികളും ഉപയോഗിക്കുന്ന റോഡാണിത്‌. ഇതിന്‌ പുറമെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമാന്തര റോഡുമാണ്‌. ഇരുവശവും കോൺക്രീറ്റ്‌ ചെയ്യാത്ത ഭാഗത്ത്‌ റോഡിൽ വലിയ വാഹനങ്ങൾ വന്നാൽ ഇരുചക്രവാഹന യാത്രക്കാരുടെ കാര്യം കഷ്ടത്തിലാകും. കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നു. ഇ‍ൗ ഭാഗത്ത്‌ രണ്ടിടത്ത്‌ വളവുമുണ്ട്‌. അടിയന്തര നടപടി സ്വീകരിച്ച്‌ റോഡിന്റെ ഇരുവശവും കോൺക്രീറ്റ്‌ ചെയ്യണമെന്ന ആവശ്യം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home