തുടരുന്ന മഴ തോരാതെ ദുരിതം

കൊല്ലം
ചൊവ്വാഴ്‌ച പകൽ മഴയ്‌ക്ക് അൽപ്പം ശമനമുണ്ടായെങ്കിലും നാടും നാട്ടുകാരും ആശങ്കയിൽ തുടരുന്നു. രാവിലെ പലയിടത്തും ശക്തമായ മഴ ലഭിച്ചു. എന്നാൽ, പകൽ ശമനമുണ്ടായി. പിന്നീട് ഇടയ്‌ക്കിടെ നേരിയ മഴയാണ് ലഭിച്ചത്. പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. അഴീക്കലിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. ജനജീവിതം ദുരിതത്തിലാക്കി താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് തുടരുന്നു. ശനി മുതൽ ചൊവ്വ വരെ 16 വീട് ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. മതിലിടിഞ്ഞും മരങ്ങൾ കടപുഴകിയുമാണ് പല വീടുകൾക്കും നാശനഷ്ടം. അതിനിടെ വെള്ളി രാവിലെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ചവറ പുത്തൻതുറ കടുവുങ്കൽ ഗൗതം കൃഷ്ണനെ (26) ഇനിയും കണ്ടെത്താനായില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളി രാവിലെ ആറിന് നീണ്ടകരയിൽനിന്നു മീൻപിടിക്കാൻപോയ ‘ശ്രീകൃഷ്‌ണഭഗവാൻ കുറുവടിക്കാരന്‍’ ഒൗട്ട്‌ബോർഡ് ഫൈബർ വള്ളത്തിലെ തൊഴിലാളിയായിരുന്നു ഗൗതം. സംഭവത്തിൽ ഗൗതമിന്റെ മുത്തച്ഛൻ, അച്ഛൻ എന്നിവർ മരിച്ചു. നീണ്ടകര തുറമുഖത്തുനിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ പുലിമുട്ടിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി എത്തിയ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് അപകടം. വൃഷ്ടിപ്രദേശങ്ങളിൽ അടക്കമുള്ള വനമേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ പരപ്പാർ ഡാമിൽ ജലനിരപ്പ് വർധിക്കുന്നുണ്ട്. ഡാമിന്റെ സംഭരണശേഷിയുടെ 51.3ശതമാനമാണ് ജലനിരപ്പ്. കഴിഞ്ഞ ദിവസം ഇത് 49.51ശതമാനമായിരുന്നു. 5.31 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു; 163 കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. 17.05 ലക്ഷം രൂപയുടെ കൃഷിനാശം കണക്കാക്കി. ബ്ലോക്ക് പഞ്ചായത്ത്, നഷ്ടം സംഭവിച്ച കൃഷിഭൂമി (ഹെക്ടറില്‍), നഷ്ടംസംഭവിച്ച കര്‍ഷകരുടെ എണ്ണം, കൃഷിനാശം രൂപയില്‍ എന്ന ക്രമത്തില്‍ അഞ്ചല്‍: 0.31 ഹെക്ടര്‍, 38 കര്‍ഷകര്‍, 3.23 ലക്ഷം, ചടയമംഗലം: 1.80 ഹെക്ടര്‍, 44, 5.67 ലക്ഷം, ചാത്തന്നൂര്‍: 0.20 ഹെക്ടര്‍, 5,9,000 രൂപ, ഇരവിപുരം: 0.07 ഹെക്ടര്‍, 35,1.05 ലക്ഷം രൂപ, പുനലൂര്‍: 0.33 ഹെക്ടര്‍, 10, 4 ലക്ഷം രൂപ, വെട്ടിക്കവല: 2.60 ഹെക്ടര്‍, 31 , 3.01 ലക്ഷം രൂപ. ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനു താഴെ കല്ലടയാറ്, പള്ളിക്കലാറ് എന്നിവിടങ്ങളിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനു താഴെ തുടരുന്നു.ഹൈഡ്രോളജി വകുപ്പിന്റെ ആനയടി ഗേജ് സ്റ്റേഷനിൽ പള്ളിക്കലാറ്റിലെ ജലനിരപ്പ് 12.55 മീറ്ററാണ് രേഖപ്പെടുത്തിയത്.മുന്നറിയിപ്പ് ലെവൽ 13.25 മീറ്ററാണ്.കല്ലടയാറിന്റെ പുനലൂർ ഗേജ് സ്റ്റേഷനിൽ 3.4 മീറ്ററും ഇത്തിക്കര ആറിന്റെ ആയൂർ സ്റ്റേഷനിൽ 34.3506 മീറ്ററും രേഖപ്പെടുത്തി. ഇവയുടെ രണ്ടും മുന്നറിയിപ്പ് ലെവൽ യഥാക്രമം 4.50 മീറ്ററും 37.0160മീറ്ററുമാണ്.അതിനിടെ അച്ചൻകോവിൽ ആറ്റിൽ അപകടനിലയിൽ ജലനരിപ്പ് തുടരുന്നു, 30.70 മീറ്ററാണ് അച്ചൻകോവിലാറിന്റെ കല്ലേലി ഗേജ് സ്‌റ്റേഷനിൽ രേഖപ്പെടുത്തിയത്. 30.70 മീറ്ററാണ് അപകട നിരപ്പ്.










0 comments