എസ് രവികുമാർ ഇന്ന് വിരമിക്കും

അഗളി
അട്ടപ്പാടിയിലെ യുവതയെ സർക്കാർ ജോലി സ്വപ്‌നം കാണാൻ പഠിപ്പിച്ചും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും ശ്രദ്ധേയനായ കോട്ടത്തറ ജനമൈത്രി എക്‌സൈസിലെ പ്രിവന്റീവ് ഓഫീസർ എസ് രവികുമാർ ശനിയാഴ്ച വിരമിക്കും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ രവികുമാർ 2021-ലാണ് അട്ടപ്പാടി ജനമൈത്രി എക്‌സൈസിൽ എത്തിയത്. വിമുക്തി മിഷന്റെ സഹകരണത്തോടെ അട്ടപ്പാടിയുടെ ഉന്നമനത്തിന് നിരവധി പദ്ധതികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്. ഗോത്രവിഭാഗങ്ങളിലെ അഭ്യസ്തവിദ്യർക്കായി കരിയർ ഗൈഡൻസും പിഎസ്‌സി പരിശീലനവും ആരംഭിച്ചു. കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കിയ ‘എത്ത് കനവ്’ പദ്ധതിയിലൂടെ 17 ഗോത്രവിഭാഗക്കാർ വിവിധ സർക്കാർ സർവീസുകളിൽ പ്രവേശിച്ചു. മുപ്പതിലധികം പേർ വിവിധ ലിസ്റ്റുകളിൽ ഇടംനേടി. പാലക്കാട് ജില്ലാ ഡി- അഡിക്ഷൻ കേന്ദ്രവുമായി ചേർന്ന് മദ്യാസക്തരെ മോചിപ്പിക്കാൻ ‘സാമൂഹിക ചികിത്സാ പദ്ധതി’യും നടപ്പാക്കി. ഭാര്യ എം സുജ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ അധ്യാപികയാണ്. മക്കൾ: എസ് ദേവനന്ദ, എസ് പ്രിയനന്ദ.









0 comments