ad
Deshabhimani

രതീഷുമാരുടെ പറക്കലിന്‌ നാടിന്റെ കൈയ്യടി

കണ്ടക്ടർ വി എസ് രതീഷും ഡ്രൈവർ ആർ രതീഷും
avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on Apr 30, 2026, 01:16 AM | 1 min read

കരുനാഗപ്പള്ളി

യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി ജീവനക്കാർ നടത്തിയ പരിശ്രമത്തിന് നാടിന്റെ കൈയ്യടി. കഴിഞ്ഞദിവസം യാത്രക്കാരന്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ നടത്തിയ അവസരോചിത ഇടപെടലാണ് ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കാരണമായത്. ബുധൻ രാവിലെ വിഴിഞ്ഞത്തുനിന്നും കായംകുളത്തേക്ക് യാത്രതിരിച്ച കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. ബസ് രാവിലെ 7.50ന് ഓച്ചിറയിൽവച്ച്‌ യാത്രക്കാരന്‌ നെഞ്ചുവേദനയെ തുടർന്ന് അസ്വസ്ഥനാകുന്നത്‌ കണ്ടക്ടർ വി എസ് രതീഷിന്റെ ശ്രദ്ധയിൽപ്പെട്ടു. വിവരം തിരക്കിയപ്പോൾ കലശലായ നെഞ്ചുവേദനയും ബുദ്ധിമുട്ടും ഉണ്ടെന്ന് യാത്രക്കാരൻ മറുപടി നൽകിയതോടെ ഡ്രൈവർ ആർ രതീഷിനോട് വാഹനം പെട്ടെന്ന് തൊട്ടടുത്ത ആശുപത്രിയിലേക്ക് വിടാൻ നിർദേശിച്ചു. കെപിഎസി ജങ്‌ഷന് സമീപം സ്വകാര്യ ആശുപത്രിക്ക് മുന്നിൽ ബസ് നിർത്തി കണ്ടക്ടർ വി എസ്‌ രതീഷ് ആശുപത്രിയിലേക്ക് ഓടി. നെഞ്ചുവേദനയുള്ള രോഗിക്ക് ആവശ്യമായ ചികിത്സ നൽകുന്നതിന് ഇവിടെ സൗകര്യങ്ങളില്ല എന്ന് അധികൃതർ അറിയിച്ചതോടെ ബസ്‌ കായംകുളം താലൂക്കാശുപത്രിയിലേക്ക് പാഞ്ഞു. താലൂക്കാശുപത്രിയിൽ എത്തിയപ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരുമെല്ലാം ഓടിയെത്തി രോഗിയെ പെട്ടെന്നുതന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് എത്തിച്ചതിനാൽ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നും രോഗി സുഖം പ്രാപിക്കുകയാണെന്നും അറിഞ്ഞതോടെ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ടുകൊള്ളാമെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചതോടെ യാത്രക്കാരുമായി ബസ് യാത്ര തുടരുകയായിരുന്നു. താലൂക്കാശുപത്രിക്ക് മുന്നിലേക്കെത്തിയ ബസിൽനിന്നും രോഗിയെ പുറത്തിറക്കുന്നതും സ്ട്രക്ചറുമായി കണ്ടക്ടർ ഓടിയെത്തുന്നതുമെല്ലാം അവിടെ ഉണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിൽ വാർത്തയായതോടെയാണ് അധികൃതർ ജീവനക്കാരായ രതീഷുമാരോട് വിവരം തിരക്കുന്നത്. അപ്പോഴാണ് ഇക്കാര്യങ്ങൾ വാർത്തയായ വിവരം പോലും ഇവർ അറിയുന്നത്. സഹജീവിയായ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ടെന്നും ഇത് വാർത്തയാകുമെന്ന് കരുതിയതല്ലെന്നും ഇരുവരും പറയുന്നു. ശ്രീകാര്യം സ്വദേശിയാണ് കണ്ടക്ടർ വി എസ് രതീഷ്. വെങ്ങാനൂർ സ്വദേശിയാണ് ഡ്രൈവർ ആർ രതീഷ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home