യാത്രക്കാർക്ക് ഉപകാരപ്പെടാതെ റെയിൽവേ പൊലീസ് സ്‌റ്റേഷൻ


സ്വന്തം ലേഖകൻ
Published on Sep 13, 2026, 12:42 AM | 1 min read
കൊല്ലം
ഏറ്റവും തിരക്കേറിയ കൊല്ലം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് സ്‌റ്റേഷൻ സ്ഥിതിചെയ്യുന്നത് പ്ലാറ്റ്‌ഫോമുകളിൽനിന്ന് വളരെ അകലെ. ഇത് സഹായം തേടിയെത്താൻ യാത്രക്കാർക്കും ക്രൈം ശ്രദ്ധയിൽപ്പെട്ടാൽ ഓടിയെത്താൻ പൊലീസിനും ബുദ്ധിമുട്ടാകുന്നു. ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന് പൊലീസ് സ്റ്റേഷന് കെട്ടിട സൗകര്യം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷൻ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മാനേജർക്ക് പരാതി നൽയിട്ടുണ്ട്. വർഷം ആയിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന പൊലീസ് സ്റ്റേഷനാണിത്. നേരത്തെ ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേർന്നായിരുന്നു പൊലീസ് സ്റ്റേഷൻ. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഇൗ കെട്ടിടം പൊളിച്ചു. രണ്ടാം കവാടത്തിനോട് ചേർന്ന് പുതുതായി നിർമിച്ച റെയിൽവേ കെട്ടിടത്തിലാണ് ഇപ്പോൾ സ്ഥലം അനുവദിച്ചിട്ടുള്ളത്. ഇവിടേക്ക് പരാതിയുമായി യാത്രക്കാർക്ക് വരണമെങ്കിലോ കുറ്റകൃത്യം ചെയ്‌തതിനു പിടികൂടുന്ന പ്രതികളെ എത്തിക്കണമെങ്കിലോ പ്ലാറ്റ്‌ഫോമിൽനിന്ന് ഏഴ് ട്രാക്കുകൾ മുറിച്ചുകടക്കണം. ഇതിൽ അഞ്ച് ട്രാക്കും റണ്ണിങ്ങാണ്. ഫ്ലൈഓവർ ബന്ധിപ്പിച്ചിട്ടുള്ളത് മൂന്ന് പ്ലാറ്റ്‌ഫോമുകളുമായാണ്. രണ്ട് പ്ലാറ്റ്‌ഫോമുകളിൽനിന്ന് ഫ്ലൈഓവറിൽ കയറാൻ മാർഗമില്ല. അതിനാൽ പിടികൂടുന്നവരെ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നടത്തിക്കൊണ്ടുവരുന്നത്. നിലവിലെ കെട്ടിടം അശാസ്‌ത്രീയമായാണ് നിർമിച്ചിരിക്കുന്നത്. പ്രതികളെ പാർപ്പിക്കുന്ന സെൽ പാറാവ് ഡ്യൂട്ടിയിലുള്ള പൊലീസുകാരന് കാണാൻ പറ്റില്ല. തിരുവനന്തപുരത്തേക്കാൾ കൂടുതൽ ട്രെയിനുകൾ വന്നുപോകുന്ന സ്റ്റേഷനാണ് കൊല്ലത്തേത്. ഇവിടെനിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുമുണ്ട്. കൊല്ലത്തുനിന്നാണ് ചെങ്കോട്ട പാത ആരംഭിക്കുന്നതും. അതിനാൽ ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നതും. ഇവിടത്തെ തിരക്കിനിടയിൽ മോഷണം പതിവാണ്. കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും കടത്തിക്കൊണ്ടുവരുന്ന സംഭവങ്ങളും ഏറുന്നു. വനിതാ യാത്രക്കാർക്കുനേരെയുള്ള ശല്യവും ഉണ്ട്. അതിനിടെ റെയിൽവേ പൊലീസ് സ്റ്റേഷൻ പ്രവർത്തനത്തിന് ഒന്നാംപ്ലാറ്റ്‌ഫോമിൽ കെട്ടിടം വേണമെന്ന ആവശ്യം എഡിജിപി ഇന്റലിജൻസ്, റെയിൽവേ എസ്‌പി എന്നിവരുടെ പരിഗണനയിലാണെന്നും സൂചനയുണ്ട്.










0 comments