ad
Deshabhimani

പുനലൂരിനെ ചെമ്പട്ടണിയിച്ച് 
വി എസ് ഭവൻ

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസായ വി എസ് ഭവൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്നു
avatar
രാജേഷ് ജാൻവി

Published on Jan 20, 2026, 02:20 AM | 1 min read

പുനലൂർ

മലയോരമേഖലയിലെ ഗ്രാമങ്ങളിൽനിന്ന്‌ സിപിഐ എം പ്രവർത്തകരും അനുഭാവികളും എൽഡിഎഫ് പ്രവർത്തകരും തിങ്കൾ പകൽ പുനലൂരിലേക്ക്‌ ഒഴുകി. തങ്ങളുടെ പ്രിയ നേതാവിന്റെ സ്മരണയിൽ നവീകരണം പൂർത്തിയാക്കിയ സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനവേദി പകൽ മൂന്നോടെ നിറഞ്ഞു. ചെങ്കടൽപോലെയായ നഗരത്തെയും ജനങ്ങളെയും സാക്ഷിനിർത്തി സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസായ വി എസ്‌ ഭവൻ പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പുനലൂർ കെഎസ്ആർടിസി ഡിപ്പോക്ക്‌ സമീപം മലയോര ഹൈവേക്ക്‌ അഭിമുഖമായാണ്‌ ഉദ്ഘാടനവേദി ഒരുക്കിയിരുന്നത്‌. മുഖ്യമന്ത്രിയെ വരവേൽക്കാൻ എത്തിയ റെഡ് വളന്റിയർമാർ മലയോര ഹൈവേയുടെ വശങ്ങളിലും സമ്മേളന നഗറിലും ചിട്ടയോടെ അണിനിരന്നത് ആവേശക്കാഴ്ചയായി. പതിറ്റാണ്ടുകളായി കിഴക്കൻ മേഖലയിൽ പാർടിയും തൊഴിലാളി പ്രസ്ഥാനങ്ങളും നടത്തിയിട്ടുള്ള ഐതിഹാസിക സമരപോരാട്ടങ്ങൾക്ക് ഏകോപന കേന്ദ്രമായത്‌ പുനലൂർ ഏരിയ കമ്മിറ്റി ഓഫീസായിരുന്നു. ഇതേ ഓഫീസ് നിലനിന്നിരുന്ന സ്ഥലത്താണ്‌ പുതിയ ഓഫീസ് എന്നതും പുനലൂരിന്‌ അഭിമാന നിമിഷമായി. ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിന് സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹന്റെ മേൽനോട്ടത്തിൽ ഏരിയ സെക്രട്ടറി പി സജിയുടെയും മറ്റു ഭാരവാഹികളുടെയും നേതൃത്വത്തിൽ ആഴ്ചകൾ നീണ്ട മുന്നൊരുക്കമാണ് നടത്തിയത്. ഏറ്റവും ഒടുവിൽ നവകേരള സദസ്സിനുശേഷം പുനലൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പാർടി പരിപാടി എന്ന നിലയിൽ ഏറെ വികാരവായ്‌പോടെയാണ് വിഎസ് ഭവൻ ഉദ്ഘാടനത്തെ വരവേറ്റത്. അലോഷിയുടെ വിപ്ലവഗാനങ്ങൾ പാർടിയുടെ ഗതകാല സ്മരണകളെ ഉണർത്തി പ്രവർത്തകരിൽ ആവേശം ജനിപ്പിച്ചു. പട്ടണത്തിൽ ഗതാഗത സ്തംഭനം ഉണ്ടാകാതിരിക്കാൻ കൃത്യമായ ആസൂത്രണം പൊലീസും നടത്തിയിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് സുദേവൻ, കെ രാജഗോപാൽ, പി എസ് സുപാൽ എംഎൽഎ, കെ വരദരാജൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് മാത്യൂ, പുനലൂർ മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി സജി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എസ് ബിജു നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home