ഉറുകുന്നിൽ പുലിയിറങ്ങി; വളർത്തു പൂച്ചയെ പിടിച്ചുകൊണ്ടുപോയി

പുനലൂർ
ഉറുകുന്നിൽ വീട്ടുമുറ്റത്ത് പുലിയിറങ്ങി. ഉറുകുന്ന് നേതാജി ആലുംതടത്തിൽ ഭാഗത്ത് കുന്നിൽ പുത്തൻവീട്ടിൽ ജി ബാബുവിന്റെ പൂച്ചയെ കാറിന് മുകളിൽനിന്നും പിടിച്ചുകൊണ്ടുപോയി. വെള്ളി രാത്രി പത്തിനാണ് സംഭവം. ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്നവർ ലൈറ്റിട്ട് നോക്കിയപ്പോൾ എന്തോ ജീവി ഓടിപ്പോകുന്നതായി കണ്ടു. അടുത്തവീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് പുലിയാണെന്ന് കണ്ടത്. മൂന്നുദിവസം മുമ്പ് നേതാജി പാറവിളവിള വീട്ടിൽ നജീബിന്റെ ആടിനെ കാണാതായിരുന്നു. പുലിയെ കണ്ടതോടെ വീട്ടുകാരും പ്രദേശവാസികളും ആശങ്കയിലാണ്. അടുത്തിടെ ഉറുകുന്നിലെ പരിസരപ്രദേശങ്ങളിൽനിന്ന് വളർത്തുനായകളെ കാണാതാകുന്ന സംഭവങ്ങളും പതിവായിരുന്നു. കഴിഞ്ഞമാസം തെന്മല പത്തേക്കറിൽ പുലിയിറങ്ങി ആടിനെ കൊന്നിരുന്നു. കൂടാതെ, ദേശീയപാതയിൽ പത്തേക്കറിൽ ബൈക്ക് യാത്രികനായ ബിനു പുലിയുടെ മുന്നിൽ അകപ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് ഒഴിവാക്കാൻ വനംവകുപ്പ് അധികൃതർ അടിയന്തര പരിശോധന നടത്തണമെന്നും കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വനപാലകർ സ്ഥലത്തെത്തി നിരീക്ഷണ കാമറ സ്ഥാപിച്ചു.









0 comments