യുഡിഎഫ് സർക്കാരിന്റെ പ്രതികാര സ്ഥലംമാറ്റം
ജില്ലാപഞ്ചായത്ത് പ്രമേയം പാസാക്കി

കൊല്ലം
തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മാനദണ്ഡം ലംഘിച്ചുള്ള രാഷ്ട്രീയ സ്ഥലംമാറ്റത്തിനെതിരെ ജില്ലാപഞ്ചായത്ത് പ്രമേയം പാസാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ രാഷ്ട്രീയ മാറ്റങ്ങൾക്ക് അനുസൃതമായി മാനദണ്ഡവും സ്ഥാപനങ്ങളുടെ അഭിപ്രായവും മാനിക്കാതെയും സ്ഥലം മാറ്റുന്നത് പഞ്ചായത്ത് രാജ് സംവിധാനത്തെ വെല്ലുവിളിക്കുന്ന നടപടിയാണ്.പദ്ധതി രൂപീകരണത്തിലും ആവിഷ്കാരത്തിലും ഇടപെടുന്ന ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുന്നത് അഭിലഷണീയമല്ല. ത്രിതല പഞ്ചായത്ത് സംവിധാനത്തെ ദോഷകരമായി ബാധിക്കുന്ന പ്രവണത ഉടൻ നിർത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ കൂടി ഉൾക്കൊണ്ടുകൊണ്ട് സ്ഥലംമാറ്റം നടപ്പാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ഥിരം സമിതി അധ്യക്ഷൻ കെ എസ് ബിനു അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് പാസാക്കി. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനുപിന്നാലെ പദ്ധതി നിർവഹണ ഓഫീസർ ഉൾപ്പെടെയുള്ളവരെയാണ് മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റിയത്. ടാർ വിലവർധനയിൽ ജില്ലയിലെ വിവിധ നിർമാണപ്രവർത്തനങ്ങൾ നിശ്ചലാവസ്ഥയിലാണെന്നും ഇതുമൂലമുണ്ടായ നഷ്ടം സംസ്ഥാന സർക്കാർ വഹിക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ആർ ലതാദേവി പ്രമേയം അവതരിപ്പിച്ചു. കൊട്ടാരക്കര അപകടം: കുട്ടികൾക്ക് കൗൺസലിങ് നൽകും കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർലോറി അപകടത്തിൽ വിദ്യാർഥി ഉൾപ്പെടെ മരിച്ച സംഭവത്തിൽ പ്രദേശത്തെ കുട്ടികൾക്ക് ജില്ലാപഞ്ചായത്ത് നേതൃത്വത്തിൽ കൗൺസലിങ് നൽകും. അപകടശേഷം നിരവധി കുട്ടികൾ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു കലക്ടറെയും ജില്ലാ മെഡിക്കൽ ഓഫീസറെയും അറിയിച്ചിരുന്നു. എന്നാൽ, വേണ്ട നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ ജില്ലാപഞ്ചായത്ത് നേരിട്ട് കൗൺസലിങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ കൗൺസലിങ് സംഘത്തിന്റെ സഹായത്തോടെ നേരിട്ട് വീടുകളിലെത്തി കുട്ടികളെ കണ്ട് കൗൺസലിങ് നൽകാൻ ജില്ലാപഞ്ചായത്ത് യോഗത്തിൽ തീരുമാനിച്ചു.











0 comments