ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടറിയറ്റ് വളയൽ സമരം
മേഖലാ പ്രചാരണ ജാഥ ജില്ലയിൽ ഇന്നും നാളെയും

കൊല്ലം
ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തി കാൽലക്ഷം ജീവനക്കാരും അധ്യാപകരും 21ന് നടത്തുന്ന സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന ജാഥ ചൊവ്വയും ബുധനും ജില്ലയിൽ പര്യടനം നടത്തും. എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം വി ശശിധരൻ ക്യാപ്റ്റനും എ നജീബ് വൈസ് ക്യാപ്റ്റനും ആർ നിഷാ ജാസ്മിൻ മാനേജരുമായ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. എൽഡിഎഫ് സർക്കാർ നിയമിച്ച ശമ്പള കമീഷന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിച്ച് പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഇടക്കാല ആശ്വാസം അനുവദിക്കുക, എൻപിഎസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് ഉടൻ നടപ്പിലാക്കുക, യുഡിഎഫ് സർക്കാർ നിർത്തലാക്കിയ ഏൺഡ് ലീവ് സറണ്ടർ പുനഃ സ്ഥാപിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയറ്റ് വളയുന്നത്. ചൊവ്വാഴ്‌ച ഉച്ചയോടെ ജില്ലയിൽ പ്രവേശിക്കുന്ന ജാഥയ്‌ക്ക് പകൽ മൂന്നിന് പുനലൂരിൽ സ്വീകരണം നൽകും. വൈകിട്ട് 4.30ന് കൊട്ടാരക്കരയിൽ സമാപിക്കും. ബുധൻ രാവിലെ 9.30ന് കുണ്ടറ മിനി സിവിൽ സ്റ്റേഷൻ, 11.30ന് ശാസ്താംകോട്ട, 12.30ന് കരുനാഗപ്പള്ളി, വൈകിട്ട് മൂന്നിന് കൊല്ലം സിവിൽ സ്റ്റേഷൻ, 4.30ന് ചാത്തന്നൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 21ന് സെക്രട്ടറിയറ്റ് വളയൽ സമരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. സ്വീകരണ പരിപാടിയും സെക്രട്ടറിയറ്റ് വളയൽ സമരവും വിജയിപ്പിക്കുവാൻ ആക്‌ഷൻ കൗൺസിൽ ചെയർമാൻ എസ് സന്തോഷ്‌കുമാറും കൺവീനർ ബി സുജിത്തും അഭ്യർഥിച്ചു.









0 comments