ad
Deshabhimani

പൊതിച്ചോറ് ശേഖരണത്തിനിടെ രക്ഷാപ്രവർത്തനം

കരുതൽ കരങ്ങളിൽ ജീവനും സുരക്ഷിതം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 28, 2026, 12:21 AM | 1 min read

ചവറ

നാടിന്‌ കരുതലായ കരങ്ങൾ കിണറ്റിൽ വീണയാളുടെ ജീവന്‌ രക്ഷയായി. ഹൃദയപൂർവം പദ്ധതിയിലേക്ക്‌ അടുത്തദിവസം പൊതിച്ചോറ് നൽകണമെന്ന്‌ അറിയിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്‌ കിണറ്റിൽ വീണുകിടന്നയാളെ രക്ഷിച്ചത്‌. ഞായർ വൈകിട്ട്‌ നാലിനാണ്‌ സംഭവം. സിപിഐ എം മുട്ടം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ തെക്കുംഭാഗം മേഖലാ ജോയിന്റ് സെക്രട്ടറിയുമായ ആർ രഞ്ജിത്‌ ആണ്‌ കിണറ്റിൽവീണ നടയ്‌ക്കാവ്‌ കൂട്ടാക്കിൽമുക്ക്‌ അരുണാലയത്തിൽ ഗംഗാധരനെ (58)ജീവിതത്തിലേക്ക്‌ കൈപിടിച്ച്‌ ഉയർത്തിയത്‌. തിങ്കളാഴ്‌ച ജില്ലാ ആശുപത്രിയിൽ നൽകാനുള്ള പൊതിച്ചോറിനുള്ള അറിയിപ്പ്‌ വീടുകളിൽ നൽകുകയായിരുന്നു ഡിവൈഎഫ്ഐ നടയ്ക്കാവ് യൂണിറ്റ്‌ പ്രവർത്തകർ. ഇതിനിടെയാണ്‌ വടക്കുംഭാഗത്ത് കുറത്തിമുറ്റത്തിന് സമീപമുള്ള കിണറിന്‌ സമീപത്ത്‌ ആളുകൾ കൂടിനിൽക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടത്‌. ബഹളംകേട്ട്‌ അവിടേക്ക്‌ എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ കണ്ടത്‌ ജീവനും മരണത്തിനുമിടയിൽ തൊടിയിൽ പിടിച്ചുകിടന്ന ഗംഗാധരനെയാണ്‌. ഒരുനിമിഷം പോലും പാഴാക്കാതെ രഞ്ജിത്‌ ഉടനെ കയർകെട്ടി കിണറ്റിലിറങ്ങി ഗംഗാധരനെ പിടിച്ചുയർത്തി. ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മറ്റൊരു കയർ ഇറക്കി നൽകി. രഞ്ജിത്‌ ഇ‍ൗ കയറിൽ കെട്ടി ഗംഗാധരനെ മറ്റുള്ളവരുടെ സഹായത്തോടെ മുകളിലേക്കു കയറ്റി. ഇതിനിടെ ചവറ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. തുടർന്ന്‌ വലിയ വല ഇറക്കി ഗംഗാധരനെ പുറത്തെത്തിച്ചു. തലയ്‌ക്ക്‌ പരിക്കേറ്റ ഗംഗാധരനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജിത്തിന്റെയും ഡിവൈഎഫ്ഐ പ്രവർത്തകരുടെയും കൃത്യസമയത്തെ ഇടപെടൽകൊണ്ടാണ്‌ ഗൃഹനാഥനെ രക്ഷിക്കാൻ കഴിഞ്ഞതെന്ന്‌ നാട്ടുകാർ പറഞ്ഞു.  ​​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home