ad
Deshabhimani

പൂക്കൃഷിയിലും വിജയകലയുടെ വിജയഗാഥ

കൃഷി ചെയ്തെടുത്ത പത്തുമണി 
പൂക്കളുമായി വിജയകല
avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on May 17, 2026, 01:10 AM | 2 min read

കരുനാഗപ്പള്ളി

പച്ചക്കറിക്കൃഷിക്ക്‌ പിന്നാലെ പൂക്കൃഷിയിലും വിജയകലയുടെ വിജയഗാഥ. വീട്ടുമുറ്റം നിറയെ മനോഹര കാഴ്ചയായ പത്തുമണിപ്പൂക്കളുടെ വ്യത്യസ്തത തേടി കൃഷിഭൂമിയിലേക്ക് ദിവസവും എത്തുന്നത് നിരവധി പേരാണ്. Portulaca grandiflora അല്ലെങ്കിൽ ‘മോസ് റോസ്‌’ വിളിപ്പേരുള്ള പൂവ് രാവിലെ 10 മണിയോടെ നന്നായി വിടരും. വെയിൽ മാറുമ്പോൾ കൂമ്പി അടയും. തടിച്ച ഇലകളും തണ്ടുകളുമുള്ള വെള്ളം സംഭരിക്കാൻ കഴിവുള്ള സക്യുലന്റ് ചെടിയാണ്‌. വരൾച്ചയെ അതിജീവിക്കാൻ ശേഷിയുണ്ട്‌. തൊടിയൂർ 16–-ാം വാർഡിൽ ശിവഗംഗയിൽ വിജയകലയ്‌ക്ക്‌ കൃഷിയിൽ നിരാശപ്പെടേണ്ടി വന്നിട്ടില്ല. ട്രെൻഡ് മനസ്സിലാക്കിയാണ്‌ പത്തുമണി പൂക്കൃഷി പരീക്ഷിച്ചത്‌. പച്ചക്കറിക്കൊപ്പം മൂന്നുമാസമായി പൂക്കൃഷിയുമുണ്ട്‌. കടും പിങ്ക് നിറം കൂടാതെ മഞ്ഞ, വെള്ള, ഓറഞ്ച്, ചുവപ്പ്, വയലറ്റ് തുടങ്ങി ഒരുപാട് നിറങ്ങളാൽ സന്പന്നമാണ്‌ പത്തുമണിപ്പൂ. സിംഗിൾ പെറ്റൽ, ഡബിൾ പെറ്റൽ ഇനങ്ങളുണ്ട്. തണ്ടിന്റെ അഗ്രഭാഗം ഇടയ്ക്ക് നുള്ളിക്കളഞ്ഞാൽ നിറയെ ശിഖരങ്ങളായി പടരും. തറയിൽ പടർന്ന് വളരുന്നതുകൊണ്ട് ‘ഗ്രൗണ്ട് കവർ' ആയും ഉപയോഗിക്കുന്നു. ചട്ടിയിലും ഹാങ്ങിങ് ബാസ്കറ്റിലും വളർത്താം. ഒരുപാട് പൂക്കൾ ഒന്നിച്ച് വിടരുന്നത് കൊണ്ട് കാഴ്‌ച ഭംഗികൂടും. ഒരു ദിവസം കുറഞ്ഞത് ആറുമണിക്കൂർ നേരിട്ട് വെയിൽ കിട്ടണം. തണ്ടുകളാണ് വിൽക്കുന്നത്. നേരിട്ടും ഓൺലൈനായും ആവശ്യക്കാർ ധാരാളം എത്തുന്നു. അറുപതോളം വ്യത്യസ്ത ഇനങ്ങളുണ്ട്. ഒരു ദിവസം കൊണ്ട് വിടരുന്ന പൂക്കൾ നശിച്ചു പോയാലും എല്ലാ ദിവസവും പുതിയ പൂക്കൾ ഉണ്ടാകും. കൃഷിയിലൂടെ ആർജിച്ച അറിവുകളും വളപ്രയോഗം, ജൈവ കീടനാശിനി നിർമാണം തുടങ്ങിയവയെല്ലാം സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവർക്കായി പങ്കിടുന്നു. പച്ചമുളക്, തക്കാളി, വഴുതന, വെണ്ട, കുക്കുമ്പർ, പയർ, പാവൽ, പടവലം, അമര തുടങ്ങിയ പച്ചക്കറികളും വിളവെടുപ്പിന് പാകമായിട്ടുണ്ട്. സമീപവാസിയുടെ ഒരേക്കറിലാണ്‌ വിജയകലയുടെ കൃഷിത്തോട്ടം. ദിവസവും 4–-5 മണിക്കൂർ കൃഷിയിടത്തിൽ ചെലവഴിക്കും. തുള്ളിനന ഉൾപ്പെടെ പ്രിസിഷൻ ഫാമിങ്ങാണ്‌ ഇപയോഗിക്കുന്നത്‌. മുന്പ്‌ തണ്ണിമത്തനും റെഡ്‌ലേഡ്‌ പപ്പായയും കൃഷി ചെയ്‌തിട്ടുണ്ട്‌. താമര, വിവിധതരം ഓർക്കിഡുകൾ, ജമന്തി, റോസ് കൃഷിയിലും മെച്ചപ്പെട്ട വരുമാനം നേടിയിട്ടുണ്ട്‌. കൂടുതൽ ആവശ്യക്കാർ തേടിയെത്തുന്ന കാശിത്തെറ്റി പൂക്കൃഷി തുടങ്ങാനാണ് തീരുമാനം. ഒപ്പം പത്തുമണി പൂക്കൃഷി വിപുലീകരിക്കും. കുടുംബശ്രീ പ്രവർത്തകയുമായ വിജയകലയ്‌ക്ക്‌ പഞ്ചായത്തിലെ മികച്ച കർഷക അവാർഡുകളും ലഭിച്ചിട്ടുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്‌. നവകേരള സദസ്സിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഭാതസംവാദ പരിപാടിയിലും പങ്കെടുത്തു. ഭർത്താവ് അനിൽകുമാറും മക്കളായ ആഷ്ലി, അശ്വിൻ എന്നിവരും വീട്ടമ്മയ്ക്ക് സഹായത്തിനുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home