ആരോഗ്യ സർവകലാശാല കലോത്സവത്തിനിടെ സംഘർഷം
പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്

കൊല്ലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല കലോത്സവത്തിന്റെ സമാപനചടങ്ങിനിടെയുണ്ടായ സംഘർഷം രാഷ്‌ട്രീയ പകപോക്കലിന്റെ വേദിയാക്കി മാറ്റാനുള്ള ശ്രമത്തെ പിന്തുണച്ച് പൊലീസ്. കെഎസ്‌യു, എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്‌എഫ്‌ഐക്കാരെ തെരഞ്ഞുപിടിച്ച് കേസെടുത്ത പൊലീസ് ഇതുവരെ കെഎസ്‌യുക്കാർക്കെതിരെ കേസെടുത്തിട്ടില്ല. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കൾ കെഎസ്‌യു പ്രവർത്തകർക്കെതിരെ നൽകിയ പരാതിയിൽ ഒരാഴ്‌ചയായിട്ടും പൊലീസ് കേസെടുത്തിട്ടില്ല. സംഘർഷത്തിൽ പരിക്കേറ്റ ദേശാഭിമാനി ചാത്തന്നൂർ ലേഖകൻ അഭിലാഷ് എം സജി നൽകിയ പരാതിയിലും കേസെടുത്തിട്ടില്ല. ഒപ്പം നിരപരാധികളായവരുടെ വീടുകളിൽ സ്‌ത്രീകൾ മാത്രമുള്ളപ്പോൾ രാപകൽ വ്യത്യാസമില്ലാതെ നടത്തുന്ന തെരച്ചിൽ എല്ലാ അതിരുകളും ലംഘിച്ചു. കോൺഗ്രസ്, ബിജെപി ഓഫീസുകളിൽ നിന്നുള്ള കൽപ്പന അനുസരിച്ച് കള്ളക്കേസെടുക്കുന്ന സംവിധാനമായി പൊലീസ് മാറി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ബി ബി ഗോപകുമാർ എംഎൽഎയും കൈകോർത്താണ് പടപ്പുറപ്പാട്. ഒക്‌ടോബർ 31ന് കലോത്സവത്തിന്റെ സമാപനചടങ്ങിനു മുമ്പ് നടന്ന എസ്‌എഫ്‌ഐ – കെഎസ്‌യു സംഘർഷമാണ് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്ലം അടക്കം അഞ്ചുപേരുടെ അറസ്റ്റില്‍ എത്തിച്ചത്. എസ്‌എഫ്‌ഐ നേതൃത്വത്തിലുള്ള കേരള ആരോഗ്യശാസ്ത്ര സർവകലാശാല യൂണിയനാണ് കലോത്സവം സംഘടിപ്പിച്ചത്. നാലുദിവസം ചിട്ടയോടെ നടന്ന കലോത്സവത്തിന്റെ സമാപനചടങ്ങ് കലക്കാൻ കെഎസ്‌യു നേതൃത്വത്തിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥി യൂണിയൻ നടത്തിയ ശ്രമമാണ് സംഘർഷത്തിലെത്തിച്ചത്. സമാപനവേദിയിൽ കെഎസ്‌യു നേതാക്കൾ ഉയർത്തിയ പ്രകോപന മുദ്രാവാക്യങ്ങളും വെല്ലുവിളികളും സമചിത്തതയുടെ എല്ലാ അതിർത്തികളും ലംഘിക്കുന്നതായായിരുന്നു. ഇതേത്തുടർന്ന് പാരിപ്പള്ളി കോട്ടക്കേറം സ്വദേശികളായ നാലുപേരെ അറസ്റ്റ് ചെയ്‌തു. 25 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. മന്ത്രിമാർ മുതൽ കെപിസിസി നേതാക്കളുടെ വരെ ശക്തമായ ഇടപെടലാണ് തുടർന്നുണ്ടായത്. നേതാക്കൾ നൽകിയ പട്ടിക പ്രകാരം പ്രദേശത്തെ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതാക്കളുടെ വീട്ടിലെല്ലാം പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും നിരപരാധികളായ നിരവധിപേരുടെ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. നവംബർ രണ്ടിന് രാത്രി ഡിവൈഎഫ്‌ഐ പാരിപ്പള്ളി മേഖലാ ജോയിന്റ് സെക്രട്ടറി വൈശാഖിനെ അറസ്റ്റ് ചെയ്‌തു. സംഘർഷം നടന്ന ദിവസം മറ്റൊരു സ്ഥലത്തായിരുന്നെന്ന് രേഖകൾ സഹിതം നൽകി പറഞ്ഞിട്ടും വിട്ടയച്ചില്ല. തുടർന്ന് ഡിവെൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധമുയർത്തുകയും വൈശാഖിന്റെ അമ്മ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരിക്കുകയും ചെയ്തശേഷമാണ് വൈശാഖിന് മോചനമായത്. ആളുമാറി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പറഞ്ഞ് പിന്നീട് പൊലീസ് തടിയൂരി. അടുത്ത ദിവസം അർധരാത്രിയായിരുന്നു മുഹമ്മദ് അസ്ലമിന്റെ വീട്ടിൽ കയറി അറസ്റ്റ്. കലോത്സവത്തിലെ സംഘർഷ സ്ഥലത്തുവച്ച് പരിക്കേറ്റവർ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ ചെറുവിരൽ അനക്കിയിട്ടില്ല. നാലു ദിവസവും കലോത്സവ റിപ്പോർട്ടിങ് ചുമതലയുണ്ടായിരുന്നയാളാണ് ദേശാഭിമാനി ഏരിയ ലേഖകൻ അഭിലാഷ് എം സജി. സംഘർഷത്തിനിടെ തലയ്‌ക്കടിക്കാൻ വന്ന സംഘത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. പല്ല് പൊട്ടി രക്‌തസ്രാവമുണ്ടായതിനെത്തുടർന്ന് ചികിത്സ തേടി. സംഭവത്തിൽ കെഎസ്‌യു നേതാക്കൾക്കെതിരെയാണ് അഭിലാഷിന്റെ പരാതി. ഡിവൈഎഫ്‌ഐ പാരിപ്പള്ളി മേഖലാ സെക്രട്ടറി വീനീതിന്റെ കൈയൊടിഞ്ഞതിലും നൽകിയ പരാതിയിലും നടപടിയില്ല. സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്നത് തടയാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്ലം, സെക്രട്ടറി വിഷ്‌ണു, ചാത്തന്നൂർ എരിയ സെക്രട്ടറിയും കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനുമായ ശിവ എന്നിവർ കെഎസ്‌യു നേതാക്കൾക്കെതിരെ നൽകിയ പരാതിയിലും നടപടിയുണ്ടായില്ല. പകരം മുഹമ്മദ് അസ്ലമിനെ അറസ്റ്റ്ചെയ്‌ത് റിമാന്റിലാക്കി. സ്‌കൂൾ, കോളേജ്, പോളിടെക്‌നിക് തെരഞ്ഞെടുപ്പുകളിൽ എസ്‌എഫ്‌ഐക്കുണ്ടായ ഉജ്വല വിജയത്തിനുശേഷം 27ന് ഐടിഐ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റ്.









0 comments