പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച

പുനലൂർ
ഗവ. പോളിടെക്നിക്കിൽ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും ഒത്തുകളിയും ഉണ്ടായതായി വിദ്യാർഥികൾ. ചൊവ്വ പകൽ 3.30ന് പ്രിൻസിപ്പൽ പരാതി നൽകുകയും പ്രതിയായ അച്യുതിന്റെ ഫോൺ കോളേജിൽ ഉണ്ടായിരിക്കുകയും ചെയ്തിട്ടും അത് കസ്റ്റഡിയിലെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ല. വ്യാഴാഴ്ച വിദ്യാർഥികൾ പ്രതിഷേധിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ആരോപണമുണ്ട്. വ്യാഴം രാവിലെ മാത്രമാണ് പരാതി ലഭിച്ചതെന്നാണ് പൊലീസിന്റെ നിലപാട്. പ്രിൻസിപ്പലിന്റെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ സംസാരത്തിൽ താൻ തന്നെയാണ് മോർഫിങ് നടത്തിയതെന്ന് അച്യുത് സമ്മതിച്ചു. മോർഫ് ചെയ്ത ചിത്രങ്ങൾ ഫോണിൽ കണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. വ്യാഴാഴ്ച രാവിലെ മൊഴി നൽകാൻ സ്റ്റേഷനിലെത്തിയ പെൺകുട്ടികളോട് ഇരകൾ നേരിട്ടുവരണമെന്ന് പറഞ്ഞ് പൊലീസ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്. രാഷ്ട്രീയ ഇടപെടൽ കാരണമാണ് പൊലീസ് അന്വേഷണം വൈകിയതെന്നും കൈമാറുന്ന തെളിവുകൾ നശിപ്പിച്ച് ഒടുവിൽ വാദികളെത്തന്നെ പ്രതിയാക്കുമോ എന്ന് ആശങ്കയുണ്ടെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.









0 comments