പ്ലാറ്റ്ഫോം നീളം വർധിപ്പിക്കൽ
എങ്ങുമെത്താതെ പുനലൂർ –- ചെങ്കോട്ട പാത

രാജേഷ് ജാൻവി
Published on May 08, 2026, 01:09 AM | 1 min read
പുനലൂർ
കൊല്ലം –- ചെന്നൈ റെയിൽപ്പാതയുടെ ഭാഗമായ ചെങ്കോട്ട -– പുനലൂർ –- കൊല്ലം പാതയിലെ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കല്‍ പ്രവൃത്തികള്‍ അനന്തമായി നീളുന്നു. 2025 നവംബർ 17ന് ആദ്യ ടെൻഡർ കാലാവധി അവസാനിച്ചിരുന്നു. അവസാനവട്ട പരിശോധന പൂർത്തിയാക്കി ഒരു കമ്പനിക്ക് പുതിയ ടെന്‍ഡർ നൽകിയിരുന്നു. എന്നാൽ, പ്രവൃത്തി ആരംഭിച്ചില്ല. അഞ്ചിന് ടെൻഡർ കാലാവധി കഴിഞ്ഞു. നിലവില്‍ പ്ലാറ്റ്ഫോം നീളം കൂട്ടുന്ന പ്രവൃത്തി ഏതെങ്കിലും കമ്പനികൾക്ക് നൽകിയതായി വിവരമില്ല. ഭഗവതിപുരത്തും പുനലൂരിലും മാത്രമാണ് 22 എൽഎച്ച്ബി കോച്ചുകൾ നിർത്താൻ തക്ക നീളമുള്ള പ്ലാറ്റ്ഫോമുകൾ ഉള്ളത്. പ്ലാറ്റ്ഫോമുകൾക്ക് ആവശ്യത്തിന് നീളമില്ലാത്തതിനാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരം -–- വേളാങ്കണ്ണി സ്‌പെഷ്യൽ എക്സ്പ്രസിന് പുനലൂരിൽ മാത്രമാണ് സ്റ്റോപ്പ്. പ്ലാറ്റ്ഫോം നീളം കൂട്ടല്‍ പൂർത്തിയായാൽ ചെന്നൈ -– കൊല്ലം ക്വയിലോൺ മെയിൽ, എറണാകുളം –- വേളാങ്കണ്ണി എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നീ ട്രെയിൻ സർവീസുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കും. ഇതോടെ ഈ സർവീസുകളിൽ ടിക്കറ്റ് ലഭിക്കാത്ത നിലവിലെ സാഹചര്യം മാറും. കഴുതുരുട്ടി, ഒറ്റക്കൽ, ഇടപ്പാളയം സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാനുള്ള ടെൻഡർ വിളിക്കേണ്ടത്. ഈ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിച്ചാൽ മധുര - ഗുരുവായൂർ എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാം. ചെങ്കോട്ട -– പുനലൂർ –- കൊല്ലം പാതയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനമാണ് പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുക എന്നത്. ഇക്കാര്യത്തിൽ മധുര ഡിവിഷൻ തുടർച്ചയായി അലംഭാവം കാട്ടുകയാണ്. കൊല്ലം, മാവേലിക്കര എംപി മാരുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ല. നിലവില്‍ എഴുകോണിലും ആര്യങ്കാവിലും പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുവാനുള്ള പ്രവൃത്തിയാണ് നടക്കുന്നത്. കൂടാതെ മറ്റ് 10 റെയിൽവേ സ്റ്റേഷനുകളിൽ കൂടി പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാനുള്ള ടെൻഡർ നടപടികളാണ് പൂർത്തിയായത്.











0 comments