ad
Deshabhimani

പെന്‍ഷനുണ്ട്, 
വീട് വേണം

സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി മുളങ്കാടകത്തെ വീടുകളിൽ സന്നദ്ധ സേനാംഗങ്ങൾ സന്ദർശിക്കുന്നു
avatar
സ്വന്തം ലേഖകന്‍

Published on Jan 03, 2026, 01:11 AM | 1 min read

കൊല്ലം‌‌

'സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തരാണ്. ക്ഷേമപെന്‍ഷന്‍ എനിക്കും ഭര്‍ത്താവിനും മുടങ്ങാതെ കിട്ടുന്നുണ്ട്. ഇനിയും കൂട്ടിയാല്‍ സന്തോഷം. സ്വന്തമായി വീടെന്ന സ്വപ്നമാണ് ഇനി ബാക്കി. അതും ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ലൈഫ് മിഷന്റെ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്– സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ വിവരശേഖരണത്തിനായുള്ള ഭവനസന്ദർശനത്തിന് എത്തിയ സന്നദ്ധസേനാംഗങ്ങളോട് മുളങ്കാടകം എംസിആര്‍ നഗറില്‍ എല്‍ പൊന്നമ്മ പറഞ്ഞു. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി ആരംഭിച്ച വയോമിത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മരുന്ന് ഉള്‍പ്പെടെയുള്ള സഹായം അത്യാവശ്യമാണെന്നും പൊന്നമ്മ സന്നദ്ധസേനാംഗങ്ങളോട് ആവശ്യം ഉന്നയിച്ചു. ഇപ്പോഴുള്ള പദ്ധതികളെല്ലാം മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നായിരുന്നു പൊന്നമ്മയുടെ ഭര്‍ത്താവ് രാഘവന്‍ ആചാരിയുടെ ആവശ്യം. ക്ഷേമപെന്‍ഷനെയും വയോമിത്രം പദ്ധതിയെയും കുറിച്ചാണ് മുളങ്കാടകം അക്ഷര നഗറില്‍ എല്‍ സരസമ്മയും സംസാരിച്ചത്. ക്ഷേമപെന്‍ഷന്‍ കുറച്ചുകൂടി കൂട്ടിക്കിട്ടണമെന്നാണ് സരസമ്മയുടെ ആഗ്രഹം. സ്ത്രീസുരക്ഷാ പദ്ധതിയില്‍ മകള്‍ അപേക്ഷിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി ഇത്തരം സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത് വലിയ കാര്യമാണെന്നും വയോമിത്രം പദ്ധതിയിലൂടെ തനിക്ക് ആവശ്യമായ മരുന്നുകള്‍ കിട്ടുന്നുണ്ടെന്നും സരസമ്മ പറഞ്ഞു. വീടിന് അടുത്തായുള്ള ഓട ശുദ്ധീകരിക്കണമെന്ന ആവശ്യവും സരസമ്മ ഉന്നയിച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ മാറ്റത്തെക്കുറിച്ചായിരുന്നു മുളങ്കാടകം അക്ഷരനഗറില്‍ എഴുപത്തെട്ടുകാരി രാജമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. വര്‍ഷങ്ങളായി കാര്‍ഡിയോളജി വിഭാഗത്തില്‍ ചികിത്സ തേടുന്നയാളാണ് രാജമ്മ. ഡോക്ടര്‍മാരെ കാണുന്നതിന് മുമ്പുണ്ടായിരുന്ന ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ല. അതെല്ലാം വലിയ ആശ്വാസമാണ്. ആകെയുള്ള ബുദ്ധിമുട്ട് എന്തെന്നാല്‍, ഒന്നര സെന്റ് ഭൂമിയിലാണ് വീട് എന്നതാണ്. അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണാനായാല്‍ വലിയ സന്തോഷമായേനെ എന്നും രാജമ്മ പറ‍ഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം മുളങ്കാടകം ഭാഗത്തായി വിവരശേഖരണത്തിന് എത്തിയ സന്നദ്ധസേനാംഗങ്ങള്‍ കുറിച്ചെടുത്തു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വീടുകളിലെത്തി വിവരശേഖരണം നടത്തും. നവകേരള സൃഷ്ടിക്കായുള്ള ജനഹിതം തേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിക്കുന്നത്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home