ad
Deshabhimani

സാമൂഹ്യക്ഷേമ പെൻഷൻ ഔദാര്യമല്ല, അവകാശമാണ്

താക്കീതായി കെഎസ്‌കെടിയു പ്രതിഷേധക്കൂട്ടായ്മ

കെഎസ്‌കെടിയു നേതൃത്വത്തിൽ ചാത്തന്നൂർ മീനാട് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധക്കൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ഉദ്ഘാടനംചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Aug 21, 2026, 01:43 AM | 1 min read


കൊല്ലം

പെൻഷൻ വിതരണം യുഡിഎഫ്‌ സർക്കാർ പുതിയ ഉത്തരവിലൂടെ അട്ടിമറിക്കുന്നതിനെതിരെ സാമൂഹ്യക്ഷേമ പെൻഷൻ ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെഎസ്‌കെടിയു നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ വിഭാഗത്തിലുള്ള പെൻഷൻകാർ ഒത്തുകൂടിയ പ്രതിഷേധം ജനവിരുദ്ധസർക്കാർ നടപടിക്കെതിരെ ശക്തമായ താക്കീതായി. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 32ലക്ഷം പേർക്ക് മാത്രമാണ് പെൻഷൻ നൽകിയിരുന്നത്. 600രൂപ ക്ഷേമപെൻഷൻ 18 മാസം കുടിശ്ശികയുമായിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ കുടിശ്ശിക എല്ലാം വിതരണംചെയ്യുകയും പെൻഷൻ തുക 2000രൂപയായി വർധിപ്പിക്കുകയും ചെയ്തു. ഗുണഭോക്താക്കളുടെ എണ്ണം 62ലക്ഷമായി. ബഹുഭൂരിപക്ഷം പേർക്കും പ്രാഥമിക സഹകരണ ബാങ്ക് വഴി നേരിട്ട് കൈകളിൽ പെൻഷൻ എത്തിച്ചു. 70വയസ്സിനു മുകളിലുള്ളവരും കിടപ്പുരോഗികളും ഉൾപ്പെടെയുള്ള ഗുണഭോക്താക്കൾക്ക് പെൻഷൻ നേരിട്ട് കൈകളിൽ ലഭിക്കുന്നത് വലിയ ആശ്വാസമായിരുന്നു. ആ സംവിധാനമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമുള്ള എല്ലാ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി പെൻഷൻ വീട്ടിൽ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും കെഎസ്‌കെടിയു ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ചാത്തന്നൂർ മീനാട് വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധകൂട്ടായ്‌മ ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി പി എ എബ്രഹാം കൊല്ലം ഇ‍ൗസ്റ്റ് വില്ലേജും പ്രസിഡന്റ് പി വി സത്യൻ പരവൂർ വില്ലേജ്‌ ഓഫീസിനു മുന്നിലും പ്രതിഷേധം ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ശിവശങ്കരപ്പിള്ള പോരുവഴി, എസ്‌ വിക്രമൻ കടയ്‌ക്കൽ, ആദിച്ചനല്ലൂർ ബി തുളസീധരക്കുറുപ്പ്, ജോർജ്‌ മാത്യൂ ഇളന്പൽ, കെ സേതുമാധവൻ പാരിപ്പള്ളി, എസ്‌ എൽ സജികുമാർ പെരിനാട്‌ എന്നിവിടങ്ങളിൽ ഉദ്‌ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home