പട്ടയഭൂമി: നട്ടമരങ്ങൾ മുറിക്കുന്നതിൽ ഉൗരാക്കുടുക്കുമായി അധികൃതർ

പുനലൂർ
ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള പട്ടയഭൂമിയിൽ ഉടമ നട്ടുവളർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ അധികൃതർ സൃഷ്‌ടിക്കുന്ന ഉൗരാക്കുടുക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. വനാതിർത്തിയോട് ചേർന്നുള്ള സ്വകാര്യ ഭൂമിയിൽനിന്നും മരങ്ങൾ ഉടമയുടെ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിൽ റവന്യൂ, വനം അധികൃതർ അനാവശ്യ തർക്കങ്ങൾ സൃഷ്‌ടിക്കുകയാണ്. മരം മുറിക്കുന്നതിന് അനുമതി നൽകുന്നതിൽ വില്ലേജ് ഓഫീസുകളിൽ വലിയ കാലതാമസമുണ്ടാകുന്നു. പ്ലാനും സ്‌കെച്ചും തയ്യാറാക്കി കൊടുക്കുന്നത് വില്ലേജ് ഓഫീസിൽ വൈകിപ്പിക്കുന്നതിനാൽ വസ്‌തു ഉടമയുടെ സ്വകാര്യ ആവശ്യങ്ങൾ സമയത്ത് നടത്തിയെടുക്കുന്നതിൽ പ്രയാസങ്ങൾ ഉണ്ടാക്കുന്നു. മുറിച്ചിട്ട മരം പുറത്തുകൊണ്ടുപോകുന്നതിന് വനംവകുപ്പിന്റെ കടത്തുപാസും ആവശ്യമാണ്. എന്നാൽ, പാസ് നൽകുന്നതും വൈകിപ്പിക്കുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. മിക്ക പട്ടയഭൂമികളും വനാതിർത്തിയോട് ചേർന്നാവും. ഇതാണ് നടപടി സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തുന്നതിന് റവന്യൂ, വനം അധികൃതർ പറയുന്ന വാദം. വർഷങ്ങളായി കരം നൽകുന്ന പട്ടയഭൂമിയിൽ മരം നട്ടുവളർത്തിയിട്ടുള്ളത് കർഷകരാണ്. ഭൂവുടമയ്‌ക്ക് അവരുടെ വീട്ടാവശ്യത്തിനും മറ്റും മരം മുറിക്കാൻ അനുവാദം നൽകുന്നതിൽ വനം, റവന്യൂ ഓഫീസുകളിൽ വരുത്തുന്ന കാലതാമസം അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഐ എം പുനലൂർ ഏരിയ സെക്രട്ടറി പി സജി പറഞ്ഞു. നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞും അനാവശ്യ തടസ്സങ്ങൾ സൃഷ്ടിച്ചും ഭൂവുടമയുടെ അവകാശം തടയുന്നതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരും. കാടിറങ്ങി വന്യമൃഗങ്ങൾ നാടിനും കർഷകർക്കും വലിയ നാശ നഷ്‌ടങ്ങൾ വരുത്തുന്പോഴാണ് അധികൃതർ ജനങ്ങളെ പ്രയാസപ്പെടുത്തുന്നത്.










0 comments