വ്യാജപ്രചാരണം അസംതൃപ്‌തരുടെ സൃഷ്ടി: സിപിഐ എം

ശുരനാട്
ശുരനാട് എരിയയിൽ സിപിഐ എമ്മിനെതിരെ ചിലർ മാധ്യമങ്ങളുടെ സഹായത്തോടെ കള്ളപ്രചാരണം നടത്തുകയാണെന്ന് ഏരിയ ആക്ടിങ് സെക്രട്ടറി പി ബി സത്യദേവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനർഹമായ ആഗ്രഹങ്ങൾ വച്ചുപുലർത്തിയ ചിലരുടെ അസംതൃപ്‌തിയിൽനിന്ന് ഉടലെടുത്ത പകപോക്കലാണ് ഇതിനുപിന്നിൽ. ജാതിവിവേചനം, പണം വാങ്ങി സ്ഥാനാർഥി നിർണയം, വ്യക്തിവിരോധത്തിന്റെ പേരിൽ ഒഴിവാക്കൽ തുടങ്ങി അനാവശ്യ ആരോപണങ്ങളാണ് ഉയർത്തുന്നത്. ചികിത്സാർഥമാണ് സിപിഐ എം ഏരിയ സെക്രട്ടറി അവധി എടുത്തത്. ചില ലോക്കൽ സെക്രട്ടറിമാർ വ്യക്തിപരമായ കാരണങ്ങളാലും അവധിയിൽ പ്രവേശിച്ചു. ശൂരനാട് ടൗൺ ലോക്കൽ ആക്ടിങ് സെക്രട്ടറിയെ തീരുമാനിച്ചത് സംബന്ധിച്ച് ശൂരനാട് ടൗൺ ലോക്കൽ കമ്മിറ്റി അംഗമായ വിജയാനന്ദൻ വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതിന്റെ പേരിൽ ഇയാളെ പാർടിയിൽനിന്ന് സസ്പെൻഡ് ചെയ്‌തു. ഇയാൾ ഇതിനു പ്രതികാരമായി ജാതിവികാരം ഉയർത്തി ദുഷ്‌പ്രചാരണം നടത്തുകയാണ്. ഇപ്പോഴത്തെ തീരുമാനങ്ങൾ എല്ലാം എടുത്തത് കൂട്ടായ നേതൃത്വമാണ്. ശൂരനാട്ടെ പാർടികമ്മിറ്റികളിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള, ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള പി ബി സത്യദേവൻ, ഏരിയ സെന്ററിലെ അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഈ വസ്‌തുത മറച്ചുവച്ച് എം ശിവശങ്കരപ്പിള്ള, എം ഗംഗാധരക്കുറുപ്പ് എന്നിവരെ കേന്ദ്രീകരിച്ച് ബോധപൂർവം കള്ളപ്രചാരവേല നടത്തുകയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാളുപോലും ശൂരനാട് ഏരിയ കമ്മിറ്റിയിൽ ഇല്ലെന്നത് പെരുംനുണയാണ്. എല്ലാ ജാതിമത വർഗീയ ചിന്തകൾക്കും അതീതമായിട്ടാണ് പാർടി പ്രവർത്തിക്കുന്നത്. പത്ര–- ദൃശ്യ– നവമാധ്യമങ്ങളെ ഉപയോഗിച്ച് സിപിഐ എമ്മിനും നേതൃത്വത്തിനും എതിരെ നടത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണന്നും അദ്ദേഹം പറഞ്ഞു. ആർ അമ്പിളിക്കുട്ടൻ, എം ലത്തീഫ്, ബി ബിനീഷ്, കെ പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments