സൗന്ദര്യക്കാഴ്ചയായി ഋഷഭവീരന്മാർ
ഉത്സവപ്പിറ്റേന്നും തിരക്കൊഴിയാതെ പടനിലം

കരുനാഗപ്പള്ളി
ഓണാട്ടുകരയുടെ കാർഷികപ്പെരുമ വിളിച്ചറിയിച്ച് നടന്ന 28–-ാം ഓണാഘോഷത്തിന് അണിയിച്ചൊരുക്കിയ കെട്ടുകാളകൾ കാണാൻ ഉത്സവപ്പിറ്റേന്നും ഓച്ചിറ പടനിലത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കുടുംബസമേതമാണ് സന്ദർശകർ എത്തുന്നത്. 52കരകളിൽനിന്ന് കാളകെട്ട് സമിതികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലുള്ള കാളകളും ഉൾപ്പെടെ ചെറുതും വലുതുമായ 200ൽ അധികം കെട്ടുകാളകളാണ് പടനിലത്തെത്തിയത്. നിർമാണത്തിലെയും രൂപത്തിലെയും വ്യത്യസ്തത കൊണ്ട് കൗതുകം പകരുന്ന വിവിധ കെട്ടുകാളകള്‍ കെട്ടുത്സവത്തിന് മാറ്റുകൂട്ടി. പ്രദർശനം തുടർന്നുള്ള 27വരെ ഓച്ചിറ പടനിലത്തുണ്ടാകും. ഓരോ കരകളിൽനിന്ന് എത്തിയ കാളകളെ വരിവരിയായി സന്ദർശകർക്ക് കാണാൻ കഴിയുന്ന രൂപത്തിൽ പടനിലത്ത് അണിനിരത്തിയിട്ടുണ്ട്. ഋഷഭവീരന്മാരെ അടുത്തുനിന്നു കാണാനും ചിത്രങ്ങൾ പകർത്താനും വ്യാഴാഴ്ചയും വലിയ തിരക്കായിരുന്നു. ഏറെനേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. 28–-ാം ഉത്സവദിനത്തിൽ എല്ലാ കാളകളെയും ഒരുമിച്ചു കാണാൻ കഴിയുക ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം കാളകെട്ടുത്സവത്തിൽ പങ്കെടുത്ത പല കെട്ടുകാഴ്ചകളും വ്യാഴാഴ്ച വെളുപ്പിനോടെയാണ് ക്ഷേത്ര കോമ്പൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. അഞ്ചോളം കാളകെട്ട് സമിതികളുടെ കെട്ടുകാളകൾക്ക് കഴിഞ്ഞ ദിവസം സാങ്കേതിക കാരണങ്ങളാൽ തങ്ങളുടെ കെട്ടുകാളകളെ എഴുന്നള്ളിക്കാൻ കഴിഞ്ഞില്ല. ഇതിൽ മുട്ടത്തുമണ്ണേൽ കാളകെട്ട് സമിതി, ഗോവിന്ദമുട്ടം ശ്രീ തൃക്കണ്ണൻ കാളകെട്ട് സമിതി, പറയണമുട്ടത്ത് കാളകെട്ട് സമിതി എന്നിവർ തങ്ങളുടെ കെട്ടുകാളകളെ വ്യാഴാഴ്ച ക്ഷേത്രത്തിലേക്ക് എത്തിച്ചു. എന്നാൽ, ചങ്ങൻകുളങ്ങര കാളകെട്ട്സമിതി, ചിറക്കടവ് കാളകെട്ട് സമിതി എന്നിവരുടെ നന്ദികേശന്മാരെ അതത് സ്ഥലങ്ങളിൽതന്നെ ചമയങ്ങൾ അഴിച്ചുമാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. ഓരോ കാളമൂട്ടിലും വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി. 27നുശേഷം ഇവിടെത്തന്നെ കാളകളുടെ ചമയങ്ങളും മറ്റും അഴിച്ചെടുത്ത് ചട്ടം ഉൾപ്പെടെ ഇളക്കിമാറ്റി അതത് കെട്ടുകാള സമിതികൾ തിരികെ കൊണ്ടുപോകും. വീണ്ടും അടുത്ത കെട്ടുത്സവത്തിനായി തങ്ങളുടെ കാളകളെ അതി ഗാംഭീര്യത്തോടെ അണിയിച്ചൊരുക്കി ഓച്ചിറയിലേക്ക് എത്തിക്കാമെന്ന വിശ്വാസവുമായി.







0 comments