പള്ളിക്കലാറിൽ ‘ ദക്ഷിണ അമേരിക്കൻ ’ അധിനിവേശം

സുരേഷ് വെട്ടുകാട്ട്
Published on Jan 13, 2026, 12:42 AM | 1 min read
കരുനാഗപ്പള്ളി
ഇളംചുവപ്പിൽ പരവതാനി വിരിച്ചപോലെ ചെറുപൂക്കൾ നിരനിരയായി നിൽക്കുന്നത് മനോഹര കാഴ്ച. പള്ളിക്കലാറിന് മരണമണി മുഴക്കുന്ന ‘ കബാംബോ അക്വാട്ടിക്ക ' പായൽക്കൂട്ടമാണ് മനോഹര കാഴ്‌ച ഒരുക്കുന്നത്. ദക്ഷിണ അമേരിക്കൻ സ്വദേശിയാണ് ഇൗ വില്ലൻ. ജലത്തിന്റെ ഒഴുക്കിനെ പൂർണമായി തടസ്സപ്പെടുത്തുന്ന പായൽക്കൂട്ടം പള്ളിക്കലാറിന് ഭീഷണിയാകുന്നത്. പാവുമ്പപാലം മുതൽ തൊടിയൂർപാലം വരെയുള്ള ഭാഗത്താണ് പായൽ നിറഞ്ഞത്. വളരെവേഗം ഇടതിങ്ങി വളരുമെന്ന പ്രത്യേകതയുള്ള ഇവ അടിത്തട്ടിൽനിന്ന് 15 മുതൽ 20 അടി വരെ വളരുമെന്നതിനാൽ മത്സ്യങ്ങളുടെ സഞ്ചാരവും തടസ്സപ്പെടും. ജലത്തിന്റെ അടിത്തട്ടിലേക്ക് സൂര്യപ്രകാശത്തെ കടത്തിവിടാത്തവിധം ഇടതൂർന്ന് വളരുന്നതിനാൽ ജീവജാലങ്ങളുടെ നിലനിൽപ്പിനും ഭീഷണിയാകുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാൽ നദികൾ ചെളിനിറഞ്ഞ് ആഴം കുറയും. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം വർധിക്കുന്നതോടെ ഇല്ലാതാകുന്ന വില്ലൻ ശുദ്ധജലം എത്തുന്നതോടെ തിരികെയെത്തും. 2011ൽ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ പള്ളിക്കലാറിന്റെ നാശത്തിന് പായൽ കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. കൊടുമൺ കുട്ടിവനത്തിൽനിന്ന് ഉത്ഭവിക്കുന്ന പള്ളിക്കലാറിന് 42 കിലോമീറ്റർ നീളമുണ്ടായിരുന്നെങ്കിലും ഉത്ഭവം മുറിഞ്ഞ് ഇപ്പോൾ മൂന്നുകിലോമീറ്ററായി. ഇന്നത്തെ കൊടുമൺ പ്ലാന്റേഷനിൽനിന്ന് ആരംഭിക്കുന്ന ചെറിയ ഉറവ അച്ചൻകോവിലാറിന്റെ കൈവഴി ചെമ്പതത്തോടിന്റെ ഭാഗമായി മാറി. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ സഞ്ചരിച്ച് കന്നേറ്റിക്കായലിലൂടെ ടി എസ് കനാൽ വഴി അറബിക്കടലിൽ പതിക്കുന്ന പള്ളിക്കലാറ് ഇതിനകം തന്നെ പാരിസ്ഥിതിക നാശത്തിന്റെ വക്കിലാണ്. ദക്ഷിണ അമേരിക്കയിൽനിന്ന് അക്വേറിയം പ്ലാന്റായും ഗാർഡൻ പ്ലാന്റായും കേരളത്തിലെത്തിയ പായൽ ചെറുതാമരപ്പൂവിന്റെ ആകൃതിയിൽ ഇളംറോസ് നിറത്തിലുളള മനോഹര ദൃശ്യവിരുന്ന് കൂടിയാണ് ഒരുക്കുന്നത്. കേരളത്തിലെ പല ജലാശയങ്ങൾക്കും പായൽക്കൂട്ടം ഭീഷണിയാണ്.










0 comments