പാലിയേറ്റീവ് രോഗികൾക്കുമുണ്ട് ‘ കെയർ '

എം ജെ അബ്ബാസ് ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തെ സ്വീകരിക്കുന്നു
അമൽ ഷൈജു
Published on Feb 11, 2026, 12:36 AM | 1 min read
കുണ്ടറ
കൈത്താങ്ങ് വേണ്ടവരാണ് കിടപ്പുരോഗികൾ. അവരെ പരിചരിക്കുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത എം ജെ അബ്ബാസിനെപോലെയുള്ളവരും ഏറെ പ്രതീക്ഷയോടെയാണ് എൽഡിഎഫ് ജാഥയെ വരവേൽക്കാൻ എത്തിയത്. ചെറുമൂട് കരുതൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരവാഹിയായ അബ്ബാസ്, കുണ്ടറ സ്വീകരണ കേന്ദ്രത്തിൽ ജാഥയെ സ്വീകരിക്കാൻ എത്തിയതാണ്. പെരിനാട് പഞ്ചായത്തിൽ തുടങ്ങി നിയമസഭാ മണ്ഡലത്തിലെ ഏഴു മണ്ഡലങ്ങളിൽ രോഗിപരിചരണം നൽകുകയാണ് 'കരുതൽ' സൊസൈറ്റി. പെരിനാട് വാർഡുകൾ കേന്ദ്രീകരിച്ച് എല്ലാ ആഴ്ചയിലും വളന്റിയർമാർ വീടുകളിലെത്തുന്നു. ഒരു ഡോക്ടറും നഴ്സും ഉൾപ്പെടുന്ന സംഘമാണ് എത്തുന്നത്. കോവിഡിനു ശേഷം ആരംഭിച്ച സൊസൈറ്റി സർക്കാരിന്റെ പാലിയേറ്റീവ് ഗ്രിഡിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്. കിടപ്പുരോഗി പരിചരണത്തിനായി സർക്കാർ നടപ്പാക്കിയ 'കേരള കെയർ' പദ്ധതിയുടെ ഭാഗമായ സഹായങ്ങൾ ലഭിക്കുന്നുണ്ട്. സർജിക്കൽ ബെഡ്, വീൽച്ചെയർ, വാക്കർ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ചു. എന്നാൽ, ഇനിയും ഒരുപാട് ആവശ്യങ്ങൾ നിറവേറ്റാനുണ്ട്. അതിനുള്ള സഹായം അഭ്യർഥിക്കാനും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനുമാണ് അബ്ബാസ് ഉൾപ്പെടെ ജാഥയിൽ എത്തിയത്. ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വത്തിന് ഉപഹാരം നൽകിയാണ് സംഘം മടങ്ങിയത്. സി സന്തോഷ് സെക്രട്ടറിയും എസ് സി സജികുമാർ രക്ഷധികാരിയുമാണ്.










0 comments