ഗാർഹിക പാചകവാതകം
കണക്‌ഷൻ നൽകുന്നത് നിർത്തിയിട്ട് 7മാസം

സ്വന്തം ലേഖിക
Published on Sep 09, 2026, 01:56 AM | 1 min read
കൊല്ലം
ഗാർഹിക പാചകവാതക കണക്‌ഷൻ നൽകുന്നത് നിർത്തലാക്കിയിട്ട് ഏഴുമാസം, ജില്ലയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ. അപേക്ഷപോലും സ്വീകരിക്കാൻ വിതരണ ഏജൻസികൾ തയ്യാറാകുന്നില്ല. 3000 രൂപ കൊടുത്ത് വാണിജ്യ സിലണ്ടറുകൾ വാങ്ങേണ്ട അവസ്ഥയിലാണ് നിരവധി കുടുംബങ്ങൾ. ഓൺലൈനായി പുതിയ പാചകവാതക കണക്‌ഷന് അപേക്ഷിക്കാനുള്ള പോർട്ടലും നിശ്ചലമാണ്. കണക്‌ഷൻ നൽകുന്നത് എന്ന് പുനരാരംഭിക്കുമെന്ന് വിതരണക്കമ്പനികൾ വ്യക്തമായ മറുപടി നൽകുന്നില്ല. രണ്ടാം സിലണ്ടറിനുള്ള അപേക്ഷകളും പരിഗണിക്കുന്നില്ല. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പാചകവാതക വിതരണത്തിന് നിയന്ത്രണം വന്നതോടെ മാർച്ചു മുതലാണ് പുതിയ കണക്‌ഷൻ നൽകുന്നത് കേന്ദ്രസർക്കാർ നിർത്തിവച്ചത്. യുദ്ധനിയന്ത്രണങ്ങളിൽ അയവുവന്നിട്ടും കണക്‌ഷൻ നൽകാൻ സർക്കാർ അനുമതി നൽകുന്നില്ല. പുതുതായി വീടുവച്ചവരും വിദൂരസ്ഥലങ്ങളിൽ നിന്നും ജോലിക്കും മറ്റുമായെത്തി താമസിക്കുന്നവരുമെല്ലാം ബുദ്ധിമുട്ടുകയാണ്. കണക്‌ഷനായി ഏജൻസികളിൽ അന്വേഷിക്കുന്നവരോട് അപേക്ഷ സ്വീകരിക്കുന്നില്ലെന്നുമാത്രമാണ് മറുപടി. നേരിട്ട് എത്തുന്നവരിൽ നിന്ന് ഫോൺ നന്പരും വിലാസവും വാങ്ങി തിരിച്ചുവിടുകയാണ്. ഇത്തരത്തിൽ കണക്‌ഷനായി അപേക്ഷ നൽകിയവരിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങി പ്രധാന എണ്ണക്കന്പനികളുടെ ജില്ലയിലെ ഓരോ ഏജൻസികളിലും നൂറുകണക്കിന് പേരുടെ വിവരമാണ് ശേഖരിച്ചുവച്ചിരിക്കുന്നത്. ഒരു സിലണ്ടർ മാത്രമുള്ളവർക്ക് അധികതുക അടച്ചാൽ നേരത്തേ മറ്റൊന്നുകൂടി നൽകുമായിരുന്നു. ഇപ്പോൾ അതുമില്ല.










0 comments