വരുമാനമാര്‍ഗം വഴിമുട്ടി വീട്ടമ്മ
"ആ വഴിയും അടഞ്ഞു'

സുരേഷ് വെട്ടുകാട്ട്
Published on May 06, 2026, 01:40 AM | 1 min read
കരുനാഗപ്പള്ളി
ജീവിതത്തിലെ പ്രതിസന്ധിയെ മറികടക്കാൻ ചെറിയ വരുമാനമാർഗം എന്ന നിലയിലാണ് ഷീജ എന്ന വീട്ടമ്മ ഒരു കാറ്ററിങ് യൂണിറ്റ് ആരംഭിച്ചത്. നല്ല ഭക്ഷണം വിലകുറച്ച് ലഭ്യമായതോടെ ആവശ്യക്കാരേറി. ഇത്തരത്തിൽ ചെറിയ വരുമാനത്തിലൂടെ മുന്നോട്ട് പോയിത്തുടങ്ങിയ ഷീജ ഉൾപ്പെടെ നിരവധി സംരംഭകർ അനിയന്ത്രിതമായ പാചകവാതക വിലവധനവിൽ പ്രതിസന്ധിയുടെ നടുവിലാണ്. കുലശേഖരപുരം പഞ്ചായത്തിലെ ഹരിതകർമസേനാംഗം കൂടിയായ ആദിനാട് വടക്ക് കോട്ടയിൽ ഷീജ താൻ ഉൾപ്പെട്ട കീർത്തി കുടുംബശ്രീയുടെ പേരിലായിരുന്നു കാറ്ററിങ് യൂണിറ്റ് ആരംഭിച്ചത്. തുച്ഛമായ ലാഭം മാത്രമെടുത്ത്നല്ല ഭക്ഷണം പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചു നൽകിയതോടെ ആവശ്യക്കാരും ഏറി. കുടുംബശ്രീ നേതൃത്വം നൽകുന്ന പരിപാടികൾ ഉൾപ്പടെ മറ്റ് പൊതുപരിപാടികളിലും ഭക്ഷണം വിളമ്പിയതോടെ ഷീജയുടെ രുചിക്കൂട്ടിന് ഡിമാന്റായി. കൂടുതൽ പേർക്കുള്ള ഓർഡർ ലഭിച്ചാൽ സഹായത്തിനായി മറ്റ് കുടുംബശ്രീ പ്രവർത്തകരെയും ഒപ്പം കൂട്ടും. വിഭവങ്ങളുടെ എണ്ണം അനുസരിച്ചാണ് വില നിശ്ചയിച്ചിരുന്നത്. എന്നാൽ ഗ്യാസ് സിലണ്ടറിന് ഉണ്ടായ വലിയ വിലവർധനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴത്തെ വിലയ്ക്ക് ഗ്യാസ് വാങ്ങി പാചകം ചെയ്താൽ എത്ര രൂപയ്ക്ക് ഭക്ഷണം നൽകാൻ കഴിയുമെന്ന കാര്യത്തിൽ ഒരു എത്തുംപിടിയും കിട്ടുന്നില്ലെന്ന് ഷീജ പറയുന്നു. വിറകടുപ്പിൽ ഭക്ഷണമൊരുക്കാമെന്ന് കരുതിയാലും നടക്കാത്ത സാഹചര്യമാണ്. തന്നെപ്പോലെ ഇത്തരം ചെറുകിട സംരംഭങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നവർക്ക് ഗ്യാസ് വിലവർധന താങ്ങാനാകുന്നതിലും അപ്പുറമാണെന്നും സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയല്ലാതെ മറ്റ് വഴിയില്ലെന്നും ഷീജ പറയുന്നു.










0 comments