തമിഴകത്ത് പന്താടകൾ നിറയുന്നു

സനു കുമ്മിൾ
Published on Aug 12, 2025, 01:13 AM | 1 min read
തെങ്കാശി
ഓണവിപണി മുന്നിൽക്കണ്ട് തെങ്കാശിയിൽ ഉള്ളി വർഗങ്ങളുടെ വിളവെടുപ്പും സംഭരണവും തുടങ്ങി. തെങ്കാശിക്കടുത്തുള്ള തമിഴ് കാർഷിക ഗ്രാമങ്ങളായ ഇലത്തൂർ സുന്ദരപാണ്ഡ്യപുരം, സുരണ്ട തുടങ്ങിയ ഇടങ്ങളിലെ ചെറിയ ഉള്ളി പ്രശസ്തമാണ്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഉള്ളിയും മറ്റു പച്ചക്കറികളും കൂടുതലും കേരളത്തിലേക്കാണ് എത്തിക്കുന്നത്. ഓണവിപണി മുന്നിൽക്കണ്ടാണ് തമിഴകത്ത് ചെറിയ ഉള്ളിയുടെ വിളവെടുപ്പും സംഭരണവും ആരംഭിച്ചത്. പാടത്തുനിന്നു ശേഖരിക്കുന്ന ചെറിയ ഉള്ളി പരമ്പരാഗതരീതി ഉപയോഗിച്ചാണ് സംഭരിക്കുന്നത്. വീട്ടുവളപ്പിലും കൃഷിയിടത്തിലും മുളയും ഓലയും ഉപയോഗിച്ചാണ് സംഭരണകേന്ദ്രങ്ങൾ നിർമിക്കുന്നത്. നിരപ്പായ പ്രതലത്തിൽ പത്തുമീറ്ററോളം നീളത്തിലും ഒന്നരമീറ്ററോളം വീതിയിലും മൂന്നുമീറ്ററോളം ഉയരത്തിലും നിർമിക്കുന്ന സംഭരണകേന്ദ്രങ്ങളെ പന്താട എന്നാണ് വിളിക്കുന്നത്. ഇതിനുള്ളിൽ ഉളളി നിറച്ചശേഷം ഓലകൊണ്ട് മേൽക്കൂര നിർമിക്കും. ഇത്തരത്തിൽ സൂക്ഷിച്ചാൽ മൂന്നുമാസം വരെ കേടുകൂടാതിരിക്കും. അകലം പാലിച്ച് ഈറ കെട്ടുന്നതിനാൽ പന്താടയിൽ മികച്ച വായുസഞ്ചാരം സാധ്യമാകുന്നതാണ് ഇതിനുകാരണം. ഇലത്തൂർ, സുന്ദരപാണ്ഡ്യപുരം മേഖലയിൽ ചെറിയ ഉള്ളിയുടെ വിളവെടുപ്പ് പൂർത്തിയായി വരുന്നു. വിലക്കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ നൂറോളം പന്താടകളിൽ ടൺ കണക്കിന് ഉള്ളിയാണ് വ്യാപാരികളെ കാത്തുകിടക്കുന്നത്. ഓണവിപണിയിൽ കൂടുതൽ തുക ലഭിക്കുമെന്ന ഉറച്ചവിശ്വാസം കർഷകർക്കുണ്ട്. സീസണിൽ പോലും ഇതുവരെ നല്ലവില ലഭ്യമായിട്ടില്ലെന്നും ഇവർ പറയുന്നു. മറ്റ് വിളകളുടെ വ്യാപാരത്തിലെന്ന പോലെ ഉള്ളി വർഗങ്ങളുടെ വിൽപ്പനയിലും ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. ഓണവിപണി ലക്ഷ്യംവച്ച് തെങ്കാശി മേഖലയിൽ പഴങ്ങളും പച്ചക്കറികളും പൂക്കളും ഇക്കുറി വ്യാപകമായി കൃഷിചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജലലഭ്യത കൂടിയതിനാൽ വിളവ് വർധിക്കുമെന്നും കർഷകർ പ്രതീക്ഷിക്കുന്നു. പന്താടയിൽ നിറയ്ക്കുംമുമ്പ് കിലോയ്ക്ക് 20രൂപ നിരക്കിൽ കൃഷിയിടങ്ങളിൽനിന്നുതന്നെ ചെറിയ ഉള്ളി സഞ്ചാരികൾക്ക് വിൽക്കുന്നുണ്ട്.











0 comments