ഓണത്തിന് വാരാണാസി മധുരം

എസ് അനന്ദ വിഷ്ണു
Published on Aug 13, 2026, 12:49 AM | 1 min read
കൊല്ലം
ആ പാല്‍പ്പേടയിലെ കൂട്ട് പാലും മധുരവും മാത്രമല്ല..., നിറയെ സ്നേഹവും കൂടിയുണ്ട്. 12 വർഷമായി മുടങ്ങാതെ ഓണത്തിന് ഉത്തര്‍പ്രദേശില്‍നിന്ന് പാൽപ്പേടയുമായി എത്തുന്ന രാജേഷ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. വാരാണസിയില്‍നിന്നാണ് അമ്പത്തിനാലുകാരനായ രാജേഷ് കുമാർ എത്തുന്നത്. പാൽ, നെയ്യ്, ബദാം, കടല, എന്നിവ ചേർത്ത് വീട്ടില്‍ നിര്‍മിക്കുന്ന പാൽപേടയാണ് പ്രധാന ഐറ്റം. മേമ്പൊടിക്ക് പൈനാപ്പിൾ ഫ്ലേവറും ചേര്‍ക്കും. കൊല്ലം ഹൈസ്‌കൂൾ ജങ്ഷനില്‍ റൂം വാടകയ്ക്ക് എടുത്ത് താമസിക്കുന്ന രാജേഷ്, കാൽ നടയായാണ് കച്ചവടം നടത്തുന്നത്. കായംകുളം തൊട്ട് കല്ലമ്പലം വരെയും കുണ്ടറ, ഭരണിക്കാവ് കടയ്ക്കൽ ഭാഗങ്ങളിലും രാജേഷ് മധുരവുമായി എത്താറുണ്ട്. വാരാണസിയിൽ ഭാര്യ മഞ്ജുവും 12 വയസ്സുള്ള മകൻ നവനീതും ഏഴു വയസ്സുകാരൻ ശുഭവും രാജേഷിന്റെ അമ്മയും അടങ്ങുന്നതാണ് കുടുംബം. കച്ചവടത്തിനിടയിൽ സ്റ്റോക്ക് തീർന്നാൽ നാട്ടിൽനിന്ന് ഭാര്യ മധുരം തയ്യാറാക്കി കൊറിയർ ചെയ്യും. ഓണം സീസൺ അല്ലാത്തപ്പോള്‍ സ്വന്തം ഭൂമിയിൽ കൃഷിയാണ്. കഴിഞ്ഞ വർഷങ്ങളിൽ ദിവസം 150 മുതൽ 200 പാക്കറ്റ് വരെ കച്ചവടമുണ്ടായിരുന്നു. ഈ വർഷം കച്ചവടം കുറവാണ്. വർഷങ്ങളായി സ്ഥിരമായി വാങ്ങുന്ന സുഹൃത്തുക്കള്‍ ജില്ലയിൽ ഒരുപാട് ഉണ്ടെന്നും അവരെക്കണ്ടു മുടങ്ങാതെ കച്ചവടം ചെയ്യാറുണ്ടെന്നും വളരെ സ്നേഹമുള്ളവരാണ് ഇവിടുത്തുകാരെന്നും പാതിമലയാളത്തില്‍ രാജേഷ് പറഞ്ഞു.








0 comments