ആഘോഷം, ആഹ്ലാദം നാടെങ്ങും തിമിർത്തോണം

സ്വന്തം ലേഖകൻ
Published on Aug 28, 2026, 01:50 AM | 1 min read
കൊല്ലം
ഉത്സവലഹരിയിൽ ഓണം ആഘോഷിച്ച് നാടും നഗരവും. സർക്കാർ ഇടപെടൽ ഇല്ലാതിരുന്നതിനെത്തുടർന്ന് വിപണിയിലെ വിലക്കയറ്റം തിരിച്ചടിയായെങ്കിലും ആഘോഷങ്ങൾക്ക് മാറ്റ് കുറഞ്ഞില്ല. ഓണസദ്യ കെങ്കേമമാക്കിയും ഓണക്കോടി സമ്മാനിച്ചും ജനങ്ങൾ ആഘോഷലഹരിയിലമർന്നു. തിരുവോണദിനത്തിൽ ജില്ലയിൽ പലയിടത്തും പെയ്ത മഴ രസംകൊല്ലിയായി. ആരോഗ്യകേന്ദ്രങ്ങളിൽ പതിവുതെറ്റാതെ ഡിവൈഎഫ്‌ഐ സ്‌നേഹസദ്യ ഒരുക്കിയത് സാധാരണക്കാർക്ക് ആശ്വാസമായി. സംഘടനകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് തിരുവോണ ദിവസം നടന്നത്. കൊല്ലത്തിന്റെ തനത് കലാരൂപമായ സീതകളിക്കൊപ്പം പുലികളി, പടയണി, മുടിയേറ്റ്, തെയ്യം എന്നിവയും വിവിധ സ്ഥലങ്ങളിൽ അരങ്ങേറി. ഓണക്കാഴ്‌ച എന്ന പേരിൽ വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികൾക്ക് ചൊവ്വാഴ്‌ച തുടക്കമായിരുന്നു. കൊല്ലം നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഒരാഴ്‌ച ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികൾ നടക്കും.










0 comments