ad
Deshabhimani

അറിവിന്റെ വെളിച്ചവും കൃഷിയുടെ പച്ചപ്പുമായി ആലമ്പാടി ജിയുപിഎസ്

മടിക്കൈ ആലമ്പാടി ജിയുപി സ്കൂളിലെ വിദ്യാർഥികൾ വിളവെടുത്ത പയറുമായി

മടിക്കൈ ആലമ്പാടി ജിയുപി സ്കൂളിലെ വിദ്യാർഥികൾ വിളവെടുത്ത പയറുമായി

വെബ് ഡെസ്ക്

Published on Aug 28, 2026, 02:00 AM | 1 min read

മടിക്കൈ

അറിവിന്റെ വെളിച്ചത്തോടൊപ്പം പച്ചപ്പിന്റെ കുളിർമയും പകരുകയാണ് മടിക്കൈ ആലമ്പാടി ജിയുപി സ്കൂൾ. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം വെറുമൊരു അധ്യയനകേന്ദ്രം എന്നതിലുപരി, കൃഷിയെ നെഞ്ചേറ്റുന്ന ഒരുനാടിന്റെ കൂട്ടായ്മകൊണ്ട് മാതൃകയാവുകയാണ്. പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം കൃഷിയെ സ്നേഹിക്കാനും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയാനും വരുംതലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യമാണ്‌ ഈ ഹരിത മാതൃകയ്ക്ക് പിന്നിൽ. പിടിഎ ഭാരവാഹികളും അധ്യാപകരും കുട്ടികളും കൈകോർത്തപ്പോൾ സ്കൂൾ കോമ്പൗണ്ടിലെ തരിശുഭൂമി ഹരിതസമൃദ്ധമായ പച്ചക്കറിത്തോട്ടമായി മാറിയത് വളരെ പെട്ടെന്നാണ്. വൈവിധ്യമാർന്ന കൃഷിരീതികൾ പരീക്ഷിക്കാറുണ്ട്. വെണ്ട, വഴുതന, പയർ, മത്തൻ, തക്കാളി, കോവയ്ക്ക, മുളക് തുടങ്ങി നിത്യോപയോഗത്തിന് ആവശ്യമായ എല്ലാത്തരം വിഷരഹിത പച്ചക്കറികളും സമൃദ്ധമായി വിളയുന്നു. സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഷരഹിതവും പോഷകസമ്പന്നവുമായ പച്ചക്കറികൾ വിളമ്പാൻ ഇതിലൂടെ സാധിക്കുന്നുണ്ട്‌. ജൈവ വളങ്ങളും നാടൻ കീടനിയന്ത്രണ മാർഗങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. കൃഷിയുടെ ഓരോഘട്ടത്തിലും വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. മടിക്കൈ കൃഷിഭവന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും മികച്ച സഹകരണം അഭിനന്ദനാർഹമാണെന്ന് പിടിഎ പ്രസിഡന്റ്‌ എൻ പി ശശിയും പ്രധാനാധ്യാപകൻ രാജേഷും സാക്ഷ്യപ്പെടുത്തുന്നു. ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷകൾക്കും ഊർജം പകർന്ന്, ശതാബ്ദി തിളക്കത്തിൽ നിൽക്കുന്ന മടിക്കൈയിലെ ഈ വിദ്യാലയം കാർഷിക രംഗത്ത് നടത്തുന്ന ഈ മുന്നേറ്റം പൊതുവിദ്യാലയങ്ങൾക്ക്‌ മാതൃകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home