ad
Deshabhimani

കബീർ: സഹജീവി സ്നേഹത്തിന്റെ വീട്‌

കലിക്കറ്റ് എയർപോർട്ട് ബിസ്മി കൾചറൽ സെന്ററിന്റെ സഹകരണത്തോടെ 
കീഴ്മാടം - നോർത്ത് മേനപ്രത്തുള്ള കുടുംബത്തിന് കബീർ നിർമിച്ചുനൽകിയ വീട്

കലിക്കറ്റ് എയർപോർട്ട് ബിസ്മി കൾചറൽ സെന്ററിന്റെ സഹകരണത്തോടെ 
കീഴ്മാടം - നോർത്ത് മേനപ്രത്തുള്ള കുടുംബത്തിന് കബീർ നിർമിച്ചുനൽകിയ വീട്

avatar
റഷീദ്‌ അണിയാരം

Published on Aug 28, 2026, 02:00 AM | 2 min read

പാനൂർ

ഭവന നിർമാണ മേഖലയിൽ 25 വർഷമായി തുടരുന്ന കബീറിന് കെട്ടിട നിർമാണം കേവലം ജോലി മാത്രമല്ല; സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക കൂടിയാണ്. സ്വന്തമായി ഒരു കൂര എന്ന സ്വപ്‌നം കാണുന്ന സാധാരണക്കാർക്ക്‌ ഒപ്പംനിൽക്കുന്ന മനുഷ്യ സ്‌നേഹി കൂടിയാണ്‌ കരിയാട് - കിടഞ്ഞി റോഡിൽ പാറേമ്മൽ വീട്ടിൽ കബീർ. 20 വയസ്സുമുതൽ നിർമാണമേഖലയിലുള്ള കബീർ ഈ കാലയളവിനുള്ളിൽ നാനൂറിൽ പരം വീടുകൾ നിർമിച്ചു. ലൈഫ്‌ ഭവനപദ്ധതിയിൽ ആറും സിപിഐ എമ്മിന്റെ സ്‌നേഹവീട്‌ പദ്ധതിയിൽ രണ്ടും വീട്‌ കബീർ പണിത്‌ കൈമാറി. ചാരിറ്റി സംഘടനകളുടെ സഹകരണത്തിൽ പണിതതുൾപ്പെടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 29 വീടുകൾ കബീറിന്റെ നേതൃത്വത്തിൽ സ‍ൗജന്യമായി നിർമിച്ച്‌ താക്കോൽ കൈമാറി. മൂന്ന് വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. തലശേരി ടെമ്പിൾഗേറ്റും മാഹി പുന്നോലുമാണ് സിപിഐ എമ്മിന്റെ സ്നേഹവീടുകൾ നിർമിച്ചത്. "മനസാക്ഷിയും അർപ്പണബോധവുമുള്ള കോൺട്രാക്ടർ " എന്നായിരുന്നു 2024 ൽ പന്ന്യന്നൂർ പഞ്ചായത്ത് ലൈഫിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ അന്നത്തെ സ്പീക്കർ എ എൻ ഷംസീർ, കബീറിനെ വിശേഷിപ്പിച്ചത്. സിപിഐ എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റിയംഗവും ഐആർപിസി പെരിങ്ങത്തൂർ ലോക്കൽ ഗ്രൂപ്പ് കൺവീനറും കേരള നദ്‌വത്തുൽ മുജാഹിദ് പാനൂർ മണ്ഡലം സെക്രട്ടറിയുമാണ്. ഐആർപിസി പാനൂർ സോണൽ കമ്മിറ്റി 2023 ൽ മികച്ച പാലിയേറ്റീവ് വളന്റിയർ എ പി നന്ദനൻ സ്മാരക പുരസ്കാരം നൽകി ആദരിച്ചു. നിസ്തുല സേവനത്തിന് ആയഞ്ചേരി തറോപ്പൊയിൽ ഇസ്ലാഹി സെന്ററും പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് കല്ലിക്കണ്ടി എൻഎഎം കോളേജും സ്നോഹാപഹാരം സമ്മാനിച്ചു. കബീറിന്റെ സേവന പ്രവർത്തനങ്ങൾക്ക് ഭാര്യ ഷബ്നയുടെയും മൂന്ന് മക്കളുടെയും പൂർണ പിന്തുണയുണ്ട്. കെട്ടിട നിർമാണമേഖലയിൽനിന്നും കിട്ടുന്ന ലാഭവിഹിതം കുടുംബത്തിന്റെ ചെലവുകൾ കഴിച്ച്‌ ഇത്തരം പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്ന കബീറിന് താമസിക്കുന്ന വീട് അല്ലാതെ മറ്റൊരു ആസ്തിയുമില്ല. സന്തോഷമാണ്‌ സന്പാദ്യം ​ചാരിറ്റിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറുന്പാൾ അവരുടെ കണ്ണുകളിൽ കാണുന്ന തിളക്കവും മുഖത്ത് വിരിയുന്ന സന്തോഷവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്‌ടപ്പെടുന്ന സാധാരണക്കാരുടെ വീടിന്റെ പണി, ലാഭം പ്രതീക്ഷിച്ചല്ല ഏറ്റെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും എന്റെ പ്രസ്ഥാനത്തിന്റെ പൂർണ പിന്തുണയുമുണ്ട്‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home