ad
Deshabhimani

928 ഏക്കറിൽ നിറപ്പൊലിമയും ഓണക്കനിയുമായി കുടുംബശ്രീ

വെളിയം സിഡിഎസിലെ -സൗഭാഗ്യ ജെഎൽജി യൂണിറ്റ് നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷി
വെബ് ഡെസ്ക്

Published on Aug 16, 2026, 02:06 AM | 2 min read

കൊല്ലം

സമൃദ്ധിയോടെ ഓണം വരവേൽക്കാനൊരുങ്ങി കുടുംബശ്രീ കർഷകർ. ഓണാഘോഷങ്ങൾക്ക് നാടൻ പൂക്കളുടെ നിറപ്പകിട്ടേകാനും നാടൻ പച്ചക്കറിയിലൂടെ ആരോഗ്യം സംരക്ഷിക്കാനും 928 ഏക്കറിൽ നിറപ്പൊലിമയും ഓണക്കനിയും. 11 ബ്ലോക്കിലായി 3651 ജെഎൽജി ഗ്രൂപ്പുകളാണ് ഇത്തവണ കാർഷിക മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. പൂവിപണിയിൽ നാടൻ പൂക്കളുടെ ലഭ്യത വർധിപ്പിക്കാൻ ‘നിറപ്പൊലിമ’ പദ്ധതിയിലൂടെ 102.65 ഏക്കറിലാണ് പൂക്കൃഷി നടക്കുന്നത്. 597 ജെഎൽജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) അംഗങ്ങളുടെ നേതൃത്വത്തിൽ ബന്തി, ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, മുല്ലപ്പൂ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഓണക്കാലത്ത് അന്യസംസ്ഥാന പൂക്കൾക്കും പച്ചക്കറികൾക്കും ഉണ്ടാകുന്ന അമിതവില നിയന്ത്രിക്കുകയും ചെയ്യുകയാണ് കുടുംബശ്രീ. കർഷകരിൽനിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്കുള്ള വിപണന ശൃംഖല ശക്തിപ്പെടുത്തി ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കി കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനം ലഭിക്കുംവിധം ഓണച്ചന്തകൾ ഒരുക്കിയാണ് വിപണി കൈയടക്കാൻ കുടുംബശ്രീ ലക്ഷ്യം. ജില്ലയിലെ 68 സിഡിഎസുകളുടെ ഏകോപനത്തിലാണ് പ്രവർത്തനം. വിവിധ പഞ്ചായത്തുകളിലെ തരിശുഭൂമികളിലും ഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷിചെയ്യുന്നത്. ​360 ഏക്കറിൽ 
കിഴങ്ങുവർഗങ്ങൾ; 311 ഏക്കറിൽ 
ഏത്തവാഴ ഓണസദ്യയിലെ പ്രധാന വിഭവങ്ങൾക്ക് ആവശ്യമായ നാടൻ കിഴങ്ങുവർഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ 1095 ഗ്രൂപ്പുകൾ 360 ഏക്കറിൽ ചേന, ചേമ്പ്, മരച്ചീനി തുടങ്ങിയവ കൃഷിചെയ്യുന്നു. ഉപ്പേരിക്ക്‌ ആവശ്യമായ ഏത്തക്കായയുടെ ലഭ്യത ഉറപ്പാക്കാൻ 985 ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 311 ഏക്കറിലാണ്‌ ഏത്തവാഴക്കൃഷി. പടവലം, പാവൽ, വെണ്ട, വഴുതന, പയർ തുടങ്ങിയ വിവിധയിനം പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. 974 ജെഎൽജി യൂണിറ്റുകൾ 155 ഏക്കറിലാണ് വിവിധ പച്ചക്കറികൾ കൃഷിചെയ്യുന്നത്. ​വിപുല കൃഷി: 
ശാസ്താംകോട്ട മുന്നിൽ കൃഷിവിസ്തൃതിയുടെ കാര്യത്തിൽ ശാസ്താംകോട്ട ബ്ലോക്കാണ് ജില്ലയിൽ ഒന്നാമത്. 523 ഗ്രൂപ്പുകൾ 129 ഏക്കറിൽ കൃഷിചെയ്യുന്നു. 463 ഗ്രൂപ്പുകൾ 128 ഏക്കറിൽ കൃഷി നടത്തുന്ന കൊട്ടാരക്കരയാണ് തൊട്ടുപിന്നിൽ. അഞ്ചൽ 105 ഏക്കർ, ചടയമംഗലം104, ഇത്തിക്കര102, പത്തനാപുരം 86, ചിറ്റുമല 82, വെട്ടിക്കവല 79, ഓച്ചിറ 55, ചവറ 32, മുഖത്തല 26 ഏക്കർ എന്നിങ്ങനെയാണ്‌ കൃഷി. ​കർഷകരിൽനിന്ന് നേരിട്ട് 
ഓണച്ചന്തകളിലേക്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങളും ജെഎൽജി കർഷക ഗ്രൂപ്പുകളും ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ, പൂക്കൾ, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ നേരിട്ട് ശേഖരിച്ചാണ് ഓണച്ചന്തകളിലൂടെ വിപണനം നടത്തുക. ഓണച്ചന്തകളിൽ തടസ്സമില്ലാതെ പച്ചക്കറിയും പൂക്കളും ലഭ്യമാക്കാൻ സിഡിഎസ് തലത്തിൽ ഏകോപന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ​ഉറപ്പാണ്‌ ഗുണമേന്മ വിളവെടുപ്പ് മുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നതുവരെയുള്ള ഘട്ടങ്ങളിൽ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കാൻ അഗ്രികൾച്ചർ കമ്യൂണിറ്റി റിസോഴ്‌സ്‌ പേഴ്‌സൺമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home