ഓയിൽ പാം എസ്റ്റേറ്റിലെ ഉഗ്രശബ്ദം
ഭൗമശാസ്ത്രവകുപ്പ് പരിശോധന നടത്തി

സ്വന്തം ലേഖകന്‍.....
Published on Aug 09, 2026, 01:01 AM | 1 min read
അഞ്ചൽ
ഓയിൽ പാം ഏരൂർ എസ്റ്റേറ്റിൽ വ്യാഴാഴ്ച രാവിലെ 10.30ന് തുടർച്ചയായി മൂന്നുതവണ ഉണ്ടായ ഉഗ്രശബ്ദത്തെക്കുറിച്ച് ഭൗമശാസ്ത്രവകുപ്പ് പരിശോധന നടത്തി. എം 3 ഡിവിഷനിലെ ടവർകുന്ന് ഭാഗത്താണ് സ്ഫോടനത്തിനു സമാനമായ ശബ്ദംകേട്ടത്. തൊഴിലാളികളും പ്രദേശവാസികളും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പുതുതായി രൂപപ്പെട്ട നീരുറവ ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചു. പ്രകൃതിക്ഷോഭമോ ഭൂചലനമോ ആകാമെന്ന നിഗമനത്തിൽ ആയിരുന്നു നാട്ടുകാർ. പ്രദേശത്തുകൂടി കടന്നുപോകുന്ന 220 കെ വി പവർ ലൈനിന്റെ വൈദ്യഗിരി എസ്റ്റേറ്റിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ കാലപ്പഴക്കം ചെന്ന ഇൻസുലേറ്റർ പൊട്ടിത്തെറിച്ചിരുന്നു. ഇതാണ് ഉഗ്രശബ്ദമുണ്ടാകാൻ കാരണമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. കലക്ടറുടെ നിർദേശപ്രകാരം വെള്ളിയാഴ്ച സ്ഥലത്തെത്തിയ ഭൗമശാസ്ത്ര വിദഗ്ധർ കൂടുതൽ പരിശോധന നടത്തി. ഉരുൾപൊട്ടൽ സാധ്യത രേഖപ്പെടുത്തിയിട്ടുള്ള സോണിൽ ഉൾപ്പെട്ട സ്ഥലമാണിതെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.










0 comments