ad
Deshabhimani

ഓച്ചിറ കാളകെട്ടുത്സവം

ദേശീയപാത നിർമാണം പൂർത്തിയാകാത്തത് പ്രതിസന്ധിയാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 15, 2026, 01:53 AM | 1 min read

കരുനാഗപ്പള്ളി

ആയിരക്കണക്കിന് ജനങ്ങളും 200ലധികം കെട്ടുകാളകളും അണിനിരക്കുന്ന ഓച്ചിറ കാളകെട്ടുത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ദേശീയപാത നിർമാണം പൂർത്തിയാകാത്തത്‌ തിരിച്ചടിയാകും. തിങ്കളാഴ്ച ഓച്ചിറയിൽ സബ് കലക്ടർ മോഹനപ്രിയയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഇത്‌ സംബന്ധിച്ച ആശങ്ക ആളുകൾ പങ്കുവച്ചു. ഓച്ചിറ ഉൾപ്പെടെയുള്ള പ്രദേശത്തെ ദേശീയപാതയുടെ നിർമാണച്ചുമതലയുള്ള വിശ്വസമുദ്ര കമ്പനി പ്രവൃത്തികൾ പൂർണമായും നിർത്തിവച്ച നിലയിലാണ്. കൃഷ്ണപുരം മുതൽ വവ്വാക്കാവ് വരെ ഇരുഭാഗങ്ങളിൽനിന്ന്‌ കെട്ടുകാളകൾ സമാന്തരപാത വഴിയാണ് ഓച്ചിറയിലേക്ക് എത്തേണ്ടത്. നിലവിലുള്ള ദേശീയപാതയുടെ സമാന്തരപാതകൾ പലതും ഇടുങ്ങിയതും പാതയോട് ചേർന്ന് വൈദ്യുതിത്തൂണുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്. കൂടാതെ പല സ്ഥലങ്ങളിലും സർവീസ് റോഡിനോട് ചേർന്നുള്ള ഓടയുടെ നിർമാണവും പൂർത്തിയായിട്ടില്ല. ഇതുവഴി കൂറ്റൻ കെട്ടുകാളകൾ കടന്നുവന്നാൽ അപകടസാധ്യത ഉണ്ടാകും. വൈദ്യുതി ലൈനുകൾ അഴിച്ചു മാറ്റാൻ 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെഎസ്ഇബി തയ്യാറാക്കിയിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ക്ഷേത്ര ഭരണസമിതിയാണ് ഇതിന് ആവശ്യമായ പണം കെട്ടിവയ്ക്കുന്നത്. കൃഷ്ണപുരത്ത് ഓണാട്ട് കതിരവൻ എന്ന കൂറ്റൻ കെട്ടുകാളയെ എഴുന്നള്ളിക്കുന്നതിന് ൈദ്യുതി ലൈനുകൾ മാറ്റണം. ഇവിടെ യുജി കേബിളുകൾ സ്ഥാപിച്ച് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി എം ലിജു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം നടപ്പാക്കുമെന്ന ആശങ്കയുണ്ട്. 48 ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരും. ഉത്സവദിവസം ദേശീയപാതയിലെ ഗതാഗതം ക്രമീകരിക്കുന്നതിന് 350 പോലീസുകാരെ അധികമായി വിന്യസിക്കാനും മുൻകാലങ്ങളിലെ പോലെ ഗതാഗതം കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ സമാന്തര പാതകളിലൂടെ തിരിച്ചു വിടാനുള്ള നിർദേശവും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. കാളകെട്ടുത്സവത്തിന്റെ വിജയകരമായ നടത്തിപ്പ് മുൻകൂട്ടിക്കണ്ട്‌ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങളുടെ ആവശ്യമായ ഇടപെടലുകൾ ഉണ്ടായില്ല എന്ന വിമർശനം വ്യാപകമാണ്‌. 23നാണ് കാളകെട്ടുത്സവം. യോഗത്തിൽ കരുനാഗപ്പള്ളി എസിപി വിനോദ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എസിപി രാജേഷ്, സി ആർ മഹേഷ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ, ഓച്ചിറ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാജീവ് കടകംപള്ളി, സെക്രട്ടറി വിനോദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home