ad
Deshabhimani

നെല്ലിന്റെ വിസ്മയപ്പാടം

കരീപ്രയിലുണ്ട് കാലാബാത്തും ഡാബർശാലയും

ശിവപ്രസാദ് തളവൂർക്കോണത്തെ നെൽപ്പാടത്ത്
avatar
എ അഭിലാഷ്‌

Published on Jan 23, 2026, 01:29 AM | 1 min read

എഴുകോൺ

കാലാബാത്ത് എന്നാൽ കറുത്ത അരിയാണ്. പണ്ട് സാധാരണക്കാർക്ക് ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ ‘വിലക്കപ്പെട്ട അരി' എന്നും കാലാബാത്ത് അറിയപ്പെട്ടിരുന്നു. എന്നാൽ, ഇന്ന് കാലാബാത്ത് കരീപ്രയിലെ പാടത്ത് വിളഞ്ഞുകിടപ്പുണ്ട്. കാലാബാത്ത് മാത്രമല്ല ഒരു ഡസനോളം വൈവിധ്യങ്ങളായ നെല്ലിനങ്ങളും കരീപ്ര തളവൂർക്കോണം പാടത്തുണ്ട്. തളവൂർക്കോണം ശിവ നിവാസിൽ വി ശിവപ്രസാദാണ് നെല്ലിനങ്ങളുടെ വിസ്മയപ്പാടം ഒരുക്കിയത്. രണ്ടേക്കറിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ശിവപ്രസാദിന്റെ കൃഷി.തവിടും അരിയും കറുത്ത നിറത്തിലുള്ള കാലാബാത്ത് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് പറയപ്പെടുന്നു. വയലറ്റ് നിറമുള്ള ഡാബർശാലയും പോഷകസമ്പന്നമാണ്. പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഈ അപൂർവയിനം നെല്ല് വയനാട്ടിലെ കർഷകരാണ് കേരളത്തിൽ എത്തിച്ചത്. വയനാട്ടിൽ ഈ നെല്ലിനങ്ങൾ കതിരിടാൻ 85 ദിവസമെടുത്തെങ്കിൽ ശിവപ്രസാദിന്റെ പാടത്ത് 55 ദിവസം മതിയായിരുന്നു. ദിവസങ്ങൾക്കുമുമ്പേ കതിരിട്ടതിൽ ശിവപ്രസാദിന് സന്തോഷവും ഒപ്പം ആശങ്കയുമുണ്ട്. ഡാബർശാലയും കാലാബാത്തും കൂടാതെ ജീരകശാല, ഗന്ധശാല, ഞവര, ധനു, കൗമുദ്, ചേറാടി, ഉമ, ബ്ലാക്ക് റൈസ്, ജ്യോതി എന്നിവയും പത്തുസെന്റ് വീതം കൃഷിയിറക്കി. നല്ലൊരു ശിൽപ്പി കൂടിയായ ശിവപ്രസാദ് നെല്ലിലും ചിരട്ടയിലും നിരവധി ശിൽപ്പങ്ങളും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. എല്ലാത്തിനും കൂട്ടായി അമ്മ തങ്കമണിയമ്മയും ഭാര്യ ശാന്തിനിയുമുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home