‘ഫ്ലാപ്‌ജാക്ക് ഒക്ടോപസ്’
അറബിക്കടലിൽ അപൂർവ ആഴക്കടൽ നീരാളി

പി ആർ ദീപ്തി
Published on Dec 12, 2025, 12:12 AM | 1 min read
കൊല്ലം
ജെല്ലിപോലുള്ള ശരീരം, പാടപോലുള്ള ആവരണത്താൽ കൂട്ടിയോജിപ്പിച്ചിരിക്കുന്ന എട്ടുകൈകൾ, പരന്ന കുടപോലെ രൂപം– ഇത് ഒപിസ്റ്റോട്ട്യൂത്തിസ് ജനുസിൽ (Opisthoteuthis philipii) എന്ന അപൂർവയിനം നീരാളി. 1976-നുശേഷം ആദ്യമായാണ് ഇതിനെ കണ്ടെത്തുന്നത്. കൊല്ലം കടലിൽ പുല്ലൻ ചെമ്മീൻ ട്രോളിങ്ങിനിടെ കിട്ടിയ പാഴ്‌മത്സ്യങ്ങളിൽനിന്നു ലഭിച്ച ഇതിനെ ഗവേഷകർ ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു സൂര്യപ്രകാശം എത്താത്തതും അമിതമർദം നിറഞ്ഞതുമായ 200–2000 മീറ്റർ ആഴത്തിലുള്ള തണുത്ത വെള്ളമാണ് ഇവയുടെ ആവാസസ്ഥലം. കണ്ണുകളുടെ മുകളിൽ ചെറിയ ‘ചെവി’പോലെ തോന്നുന്ന ചിറകുകളുള്ള ഇവയ്‌ക്ക് വിശ്രമവേളയിൽ ശരീരം ‘പാൻകേക്ക് പോലെ’പരത്താൻ കഴിയുന്നതിനാൽ ‘ഫ്ലാപ്‌ജാക്ക് ഒക്ടോപസ്’ എന്നും വിളിപ്പേരുണ്ട്. ഇവയ്ക്കു താഴികക്കുടം പോലെയുള്ള ശരീരവും വലിയ കണ്ണുകളുമുണ്ട്. വലുതായി വീർത്ത പ്രത്യേക സക്കറുകൾ പ്രായപൂർത്തിയായ ആൺനീരാളികളുടെ സവിശേഷതയാണ്. ശരീരം മൃദുവും സിംഹഭാഗവും വെള്ളത്താൽ നിർമിതവുമായതിനാൽ വലയിൽപെട്ടാൽ നശിച്ചുപോകും. സൂക്ഷിച്ചുവയ്ക്കാനും കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുള്ളതിനാൽ സ്‍പെസിമിനുകളും അത്യപൂർവമായാണ് ലഭിക്കുക എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഫാത്തിമ മാതാ നാഷണൽ കോളേജിലെ പ്രൊഫ. പി ജെ സർലീൻ പറഞ്ഞു. ടെയ്‌ലർ ആൻഡ് ഫ്രാൻസിസ് പ്രസിദ്ധീകരിക്കുന്ന ‘ബയോഡൈവേഴ്‌സിറ്റി’ എന്ന അന്താരാഷ്ട്ര ജേർണലിന്റെ പുതിയ ലക്കത്തിൽ ഇതിനെക്കുറിച്ചുള്ള വിവരം പ്രസിദ്ധീകരിച്ചു. 1976-ൽ സിഎംഎഫ്‌ആർഐ ശാസ്‌ത്രജ്ഞൻ ഉമ്മൻ പി വർഗീസാണ് ആദ്യമായി ഇതിനെക്കുറിച്ച് വിവരിച്ചത്. എന്നാൽ, ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം ഉണ്ടാകാത്തതിനാൽ ശാസ്ത്രലോകത്ത് ഈ നീരാളിയെക്കുറിച്ചുള്ള വിവരം അജ്ഞാതമായിരുന്നു. 2024 ഫെബ്രുവരി ആറിന് പുല്ലൻ ചെമ്മീൻ പിടിക്കുന്നതിന് 400 മീറ്റർ ആഴത്തിൽ നടത്തിയ ട്രോളിങ്ങിലാണ് ഇവയെ വീണ്ടും കിട്ടിയത്. ആകൃതിശാസ്ത്രപരമായ പരിശോധനയും ഡിഎൻഎ ബാർകോഡിങ്ങും തെളിഞ്ഞതോടെ ഈ ഇനത്തിന് ആദ്യമായി കൈവന്നത് ഔദ്യോഗിക ജനിതക റഫറൻസ്. ജർമനിയിലെ ഫ്രൗൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷക സൻസിയ മോറിസ്, തൃശൂർ എൻജിനിയറിങ് കോളേജ് വിദ്യാർഥിനി സാൻഡി മോറിസ്, ടികെഎം എൻജിനിയറിങ് കോളേജ് വിദ്യാർഥി സാവിയോ മോറിസ് എന്നിവരും പഠനത്തിൽ പങ്കെടുത്തു. എന്നാൽ, ഇടയ്ക്കിടെ വലയിൽ കിട്ടാറുള്ള ഇവയെ വിപണിമൂല്യം ഇല്ലാത്തതിനാൽ കടലിലേക്ക് എറിയുക പതിവാണെന്ന് ശക്തികുളങ്ങരയിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയരേഖകളിൽ ഇവ ‘കാണാതായ’ നിലയിലാണ്.










0 comments