ad
Deshabhimani

കൊല്ലം– തേനി ദേശീയപാത 183

എംപിയുടെ പ്രസ്‌താവന വിവാദത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എം അനിൽ

Published on Jun 02, 2026, 01:45 AM | 2 min read

കൊല്ലം

നിർദിഷ്ട കൊല്ലം– തേനി ദേശീയപാത 183ന്റെ വീതി 20 മീറ്ററായി കുറച്ചതിന്‌ ഒ‍ൗദ്യോഗിക സ്ഥിരീകരണം നൽകാതെ ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യ. നേരത്തെ വീതി 24 മീറ്ററായി തീരുമാനിച്ച്‌ എൻഎച്ച്‌എഐ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കുകയോ വീതി 20 മീറ്ററായി കുറച്ച്‌ പുതിയ വിജ്ഞാപനം ഇറക്കുകയോ ചെയ്‌തിട്ടില്ല. ഇതോടെ കൊല്ലം– തേനി ദേശീയപാതയുടെ വീതി 20 മീറ്റായി കുറച്ചുവെന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ പ്രസ്‌താവന വിവാദമാകുകയാണ്‌. എംപിയുടെ പ്രസ്‌താവന ദേശീയപാത അതോറിറ്റിയെയും ഞെട്ടിച്ചു. പാതയുടെ വീതി കുറയ്‌ക്കാൻ ചില ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന്‌ പ്രേമചന്ദ്രൻ നീക്കം നടത്തുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. 2024 നവംബർ 22ന്‌ കലക്ടറേറ്റിൽ ചേർന്ന എംപിമാർ ഉൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ നിർദേശപ്രകാരം വീതി 24 മീറ്റർ എന്ന്‌ എൻഎച്ച്‌എഐയും കേന്ദ്ര റോഡ്‌ ഉപരിതല മന്ത്രാലയവും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളും ഉണ്ടായി. ഇ‍ൗ വിജ്ഞാപനം ഇപ്പോഴും തുടരുകയാണ്‌. തുടർനടപടികളും നിർത്തിവച്ചിട്ടില്ല. ഇതിനിടെയാണ്‌ പ്രേമചന്ദ്രൻ എംപിയുടെ വിവാദ പ്രസ്‌താവന. നിർമാണത്തിനും നഷ്ടപരിഹാരത്തിനും വലിയ തുക വേണ്ടിവരുമെന്നും അതിനാൽ വീതി കുറയ്‌ക്കണമെന്നും എൻഎച്ച്‌എഐയിലെ ചില ഉന്നത ഉദ്യോഗസ്ഥർ അന‍ൗപചാരികമായി ആലോചന നടത്തിയിരുന്നു. ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി പ്രേമചന്ദ്രൻ ചർച്ച നടത്തിയപ്പോൾ ഇക്കാര്യവും ഉയർന്നുവന്നു. ഇതിന്റെ ചുവടുപിടിച്ചാണ്‌ പ്രേമചന്ദ്രന്റെ പ്രസ്‌താവന. എന്നാൽ, കേന്ദ്ര റോഡ്‌ ഉപരിതല മന്ത്രാലയവും ദേശീയപാത അതോറിറ്റിയും ഒ‍ൗദ്യോഗികമായി പറയാത്ത കാര്യത്തിൽ ധൃതികാട്ടി പ്രേമചന്ദ്രൻ പ്രസ്‌താവന ഇറക്കിയതിൽ ദുരൂഹതയുണ്ട്‌. പ്രേമചന്ദ്രന്റെ പ്രസ്‌താവനയെ കൊടിക്കുന്നിൽ സുരേഷ്‌ എംപിയും തള്ളിക്കളഞ്ഞിരുന്നു. കൊല്ലം– തേനി പാത 24 മീറ്ററിൽ തന്നെ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ​പ്രേമചന്ദ്രന്റെ വാദം അടിസ്ഥാനരഹിതം: കൊല്ലം 328 കിലോമീറ്റർ വരുന്ന കൊല്ലം– തേനി ദേശീയപാതയിൽ എൻ കെ പ്രേമചന്ദ്രൻ എംപിയുടെ പാർലമെന്റ്‌ മണ്ഡലത്തിലൂടെ കടന്നുപോകുന്നത്‌ 17 കിലോമീറ്റർ മാത്രം. കടവൂരിൽനിന്നു കിഴക്കേകല്ലട രണ്ടുറോഡ്‌ വരെയാണ്‌ ഇ‍ൗ സ്ഥലം. ഇവിടെനിന്ന്‌ ചെങ്ങന്നൂർ ആഞ്ഞിലിമൂട്‌ വരെ മാവേലിക്കര പാർലമെന്റ്‌ മണ്ഡലത്തിൽ ആണെന്നും വീതി 24ൽനിന്ന്‌ 20 മീറ്ററായി കുറയ്‌ക്കാൻ എൻഎച്ച്‌എഐ തീരുമാനിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ്‌ എംപിയുടെ ഓഫീസ്‌ വ്യക്തമാക്കി. കൊല്ലം കലക്ടറേറ്റിൽ ചേർന്ന യോഗത്തിന്റെ തീരുമാനവും സംസ്ഥാന പൊതുമരാമത്ത്‌ ദേശീയപാത വിഭാഗം നൽകിയ റിപ്പോർട്ടിലും വീതി 24 മീറ്റർ ആണ്‌. 2024 നവംബർ 22ന്‌ കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ 24 മീറ്ററിൽ റോഡ്‌ നിർമിക്കണമെന്ന്‌ കൊടിക്കുന്നിൽ സുരേഷ്‌ എംപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ യോഗത്തിൽ ചിലർ വ്യക്തമായ അഭിപ്രായം പറഞ്ഞില്ല. പാതയുടെ നിർമാണം ആരംഭിക്കുന്നത്‌ കടവൂരിൽനിന്നു മാറ്റി കുണ്ടറയിലേക്ക്‌ എൻഎച്ച്‌എഐ മാറ്റിയെന്ന പ്രേമചന്ദ്രന്റെ വാദവും അടിസ്ഥാനരഹിതമാണ്‌. ഇതിനും വിജ്ഞാപനം വന്നിട്ടില്ല. അതിനിടെ വീതി 20 മീറ്ററായി കുറച്ചുവെന്ന പ്രേമചന്ദ്രൻ എംപിയുടെ പ്രസ്‌താവന ആശങ്കപ്പെടുത്തിയെന്ന്‌ കഴിഞ്ഞ ദിവസം കൊടിക്കുന്നിൽ പറഞ്ഞിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home