നട്ടംതിരിഞ്ഞ് നഗരം

കരുനാഗപ്പള്ളി
കരുനാഗപ്പള്ളി നഗരത്തിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷം. നഗരം കടക്കാൻ മണിക്കൂറുകളോളം വാഹനങ്ങൾ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. കാൽനട യാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത നിലയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ പ്രശ്നപരിഹാരത്തിനായി ഉന്നതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. അനന്തമായി നീളുന്ന ദേശീയപാത നിർമാണമാണ് പ്രധാന പ്രശ്നം. നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ഹൈസ്കൂളും യുപി സ്കൂളും ഉൾപ്പെടെ സ്ഥിതിചെയ്യുന്ന ഹൈസ്കൂൾ ജങ്ഷനിൽ ഏറെനാളുകളായി നിർമാണം പൂർത്തിയാക്കാത്ത കലുങ്ക് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നു. സ്കൂൾ സമയങ്ങളിൽ 5000വിദ്യാർഥികൾ ഇവിടേക്ക് എത്തുന്നതോടെ സ്ഥിതി അതിരൂക്ഷമാണ്. ഹൈസ്കൂൾ ജങ്ഷനിൽ നിർമാണം മുടങ്ങിയ ഓട അടിയന്തരമായി പൂർത്തീകരിച്ച് ഗതാഗതം സുഗമമാക്കാൻ തീരുമാനിച്ചു. ദേശീയപാതയുടെ നിർമാണപ്രവർത്തനം പൂർത്തീകരിച്ച ഭാഗങ്ങളിൽ പാർക്കിങ്ങിനും ജനങ്ങൾക്ക് യാത്ര ചെയ്യുന്നതിനും ആവശ്യമായ സൗകര്യം കരാർ കമ്പനി ഒരുക്കണം, ദേശീയപാതയിൽ ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെ എല്ലാ ജങ്ഷനുകളിലും റോഡ് മുറിച്ചുകടക്കാൻ ആവശ്യമായ സൗകര്യം ഏർപ്പെടുത്തണം, സർവീസ് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം, മുനിസിപ്പാലിറ്റി നേതൃത്വത്തിൽ കരുനാഗപ്പള്ളി പുള്ളിമാൻ ജങ്ഷൻ മുതൽ ലാലാജി ജങ്ഷൻ വരെ ഗതാഗതക്രമീകരണ സന്ദേശം നൽകുന്ന തരത്തിൽ മൈക്ക് പ്രചാരണം നടത്തണം, അനധികൃതമായി ദേശീയപാതയുടെ വശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നീ തിരുമാനങ്ങളും നടപ്പാക്കും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ, മുനിസിപ്പൽ ചെയർമാൻ പി സോമരാജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജയശ്രീ തൃദീപ്, എൻ കൃഷ്ണകുമാർ, പി ഡി അരുൺരാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, ദീപാ ചന്ദ്രൻ, തഹസിൽദാർ ബോസ് ഫ്രാൻസിസ്, വ്യാപാരി വ്യവസായി ഭാരവാഹികളായ സുധീർ ചോയ്സ്, രഞ്ജു ശേഖർ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments