ad
Deshabhimani

കാലവർഷം

ജില്ലയിൽ മഴ 33 ശതമാനം കുറവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അമൽ ഷൈജു

Published on Jun 30, 2026, 01:29 AM | 1 min read

കൊല്ലം

കാലവർഷ പെയ്ത്തിനിടയിലും എൽനിനോ പ്രതിഭാസം ശക്തമായതോടെ ജില്ലയിൽ മഴ ലഭ്യതയിൽ വൻകുറവ്‌. ജൂൺ ഒന്നുമുതൽ 29വരെ ജില്ലയിൽ 33 ശതമാനം മഴ കുറഞ്ഞു. എൽനിനോയുടെ ഭാഗമായി മധ്യ, കിഴക്കൻ ഉഷ്ണമേഖലാ ശാന്തസമുദ്രത്തിലെ അസാധാരണ ചൂട്‌ അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതി മാറ്റിമറിക്കുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മൺസൂൺ മഴ ദുർബലപ്പെടുത്തുകയും ചെയ്തുവെന്ന്‌ കാലാവസ്ഥ വിദഗ്ധർ പറയുന്നു. ജൂൺ ഒന്നുമുതൽ 29വരെ 411.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിയിരുന്ന ജില്ലയിൽ ലഭിച്ചത്‌ 276.1 മില്ലീമീറ്റർ മാത്രമാണ്‌. കഴിഞ്ഞദിവസങ്ങളിൽ ശനി, ഞായർ മാത്രമാണ്‌ ജില്ലയിൽ ഭേദപ്പെട്ട മഴ ലഭിച്ചത്‌. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓറഞ്ച്‌ മുന്നറിയിപ്പുണ്ടായിരുന്ന ശനിയാഴ്ച അർധരാത്രി മുതൽ ആരംഭിച്ച മഴ ഞായർ വൈകിട്ടുവരെ തുടർന്നു. തിങ്കളാഴ്ച മഞ്ഞ മുന്നറിയിപ്പ്‌ നൽകിയിരുന്നെങ്കിലും കാര്യമായ മഴ ലഭിച്ചില്ല. ജൂലൈ മൂന്നുവരെ ജില്ലയിൽ മഴ കുറയുമെന്നാണ്‌ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്‌. ജൂൺ അവസാനിക്കുമ്പോഴും കാലവർഷം ശക്തമാകാത്തതിനാൽ മഴയെ ആശ്രയിച്ച്‌ കൃഷിയിറക്കുന്നവർ പ്രതിസന്ധിയിലാണ്‌. കാലവർഷം തുടങ്ങിയശേഷം തുടർച്ചയായുള്ള മഴലഭ്യതക്കുറവ്‌ കൃഷിയെയടക്കം ബാധിക്കുമെന്ന ആശങ്കയിലാണ്‌ കർഷകർ. കൃത്യസമയത്ത് ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് വിതയ്ക്കൽ പ്രക്രിയ നടക്കുന്നത് എന്നതിനാൽ, ഇപ്പോഴത്തെ മഴക്കുറവ് കാർഷികോൽപ്പാദനത്തെ സാരമായി ബാധിച്ചേക്കാം. ​​"എൽ നിനോ' 
മത്സ്യസമ്പത്തിന്‌ വെല്ലുവിളി എൽ നിനോ പ്രതിഭാസം മത്സ്യസമ്പത്തിനെയടക്കം ബാധിക്കുമെന്നാണ്‌ ഇന്ത്യൻ നാഷ‍ണല്‍ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ കണ്ടെത്തൽ. മീനുകൾ അനുയോജ്യമായ ആവാസ വ്യവസ്ഥകളിലേക്ക് കുടിയേറുന്നതോടെ മീന്‍ ലഭ്യത കുറയും. ചാള, അയല തുടങ്ങി സുലഭമായി ലഭ്യമാകുന്ന മീനുകൾ കുറയുമെന്നാണ്‌ നിഗമനം. സമുദ്ര പാരിസ്ഥിതിക സാഹചര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ കാരണം മീനുകൾ ആവശ്യമുള്ള വലുപ്പത്തിലെത്തിയേക്കില്ലെന്നും പഠനങ്ങൾ പറയുന്നു. എൽ നിനോ വികസിച്ച്‌ 2026 നവംബർ മുതൽ 2027 ജനുവരി വരെയുള്ള ശൈത്യകാലത്ത് ഉച്ചസ്ഥായിയിലെത്തും. 2027 ഏപ്രിൽ– മെയ് വരെ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപനില കൂടുതലായിരിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home