ad
Deshabhimani

തീരാക്കെടുതിയില്‍ ജില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 04, 2026, 12:45 AM | 1 min read

കൊല്ലം

രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിൽ വ്യാപകനാശം. തിങ്കളാഴ്‌ച പൊതുവേ മഴ ശമിച്ചെങ്കിലും ആശങ്ക ഒഴിയുന്നില്ല. പലയിടങ്ങളിലും മഴക്കെടുതി തുടരുന്നു. തിങ്കളാഴ്‌ച ആറ്‌ വീടാണ്‌ ഇടിഞ്ഞുവീണത്‌. രണ്ടുപേർക്ക്‌ പരിക്കേറ്റു. വെള്ളിയാഴ്ച കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ചവറ പുത്തൻതുറ കടുവുങ്കൽ ഗൗതം കൃഷ്ണനെ (26)ഇനിയും കണ്ടെത്തിയില്ല. തിരച്ചില്‍ ഊര്‍ജിതമാണ്. വെള്ളി രാവിലെ ആറിന്‌ നീണ്ടകരയിൽനിന്നു മീൻപിടിക്കാൻപോയ ‘ശ്രീകൃഷ്‌ണഭഗവാൻ കുറുവടിക്കാരന്‍’ ഒ‍ൗട്ട്‌ബോർഡ്‌ ഫൈബർ വള്ളത്തിലെ തൊഴിലാളികളാണ്‌ അപകടത്തിൽപ്പെട്ടത്‌. രണ്ടുപേർ മരിച്ചു. നീണ്ടകര തുറമുഖത്തുനിന്ന്‌ രണ്ട്‌ നോട്ടിക്കൽ മൈൽ അകലെ പുലിമുട്ടിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായെത്തിയ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. ചവറ പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രാജീവൻ (76), ഇദ്ദേഹത്തിന്റെ മരുമകൻ പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47) എന്നിവരാണ്‌ മരിച്ചത്‌.രാധാകൃഷ്‌ണന്റെ മകനാണ്‌ ഗൗതം കൃഷ്ണൻ. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാലും ജില്ലാ സെക്രട്ടറി എസ്‌ സുദേവനും കഴിഞ്ഞദിവസം ഇവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ​മഴയില്‍ തലവൂർ, വിളക്കുടി, അലയമൺ, ഇടമുളയ്‌ക്കൽ, കുളത്തൂപ്പുഴ, കുന്നത്തൂർ വില്ലേജുകളിൽ ഓരോ വീടുകളാണ്‌ ഇടിഞ്ഞുവീണത്‌. സമീപ പുരയിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണാണ്‌ തലവൂർ പറങ്കിമാംമുകൾ ജങ്‌ഷനിൽ പോസ്റ്റ്‌ ഓഫീസിനോട് ചേർന്ന കല്ലുവിള തെക്കതിൽ വീട്ടിൽ ശാമുവലിന്റെ വീട് തകർന്നത്‌. ശാമുവൽ, ഭാര്യ ലിസി എന്നിവർക്ക്‌ ഗുരുതര പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കരക്കൃഷിയില്‍ ഉൾപ്പെടെ വ്യാപകനാശമുണ്ടായി. ശനി, ഞായർ ദിവസങ്ങളിലായി പത്ത്‌ ഹെക്ടറിൽ കൃഷിനാശമുണ്ടായി. 331കർഷകർക്കാണ്‌ നഷ്ടം. 88.6ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാഴക്കൃഷിയിലാണ്‌ നാശം ഏറെയും. ഓണംവിപണി ലക്ഷ്യമിട്ട്‌ ഇറക്കിയ ഏത്തവാഴകൾ ഒടിഞ്ഞും പിഴുതും വീണാണ്‌ നാശിച്ചത്. റബർ, തെങ്ങ്‌, പന്തൽ ഇനങ്ങളായ പച്ചക്കറികൾ എന്നിവയും നശിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home