മരങ്ങൾ വീഴുന്നത് പതിവാകുന്നു; അനങ്ങാതെ അധികൃതർ

എഴുകോൺ
കൊല്ലം– തിരുമംഗലം ദേശീയപാതയിലേക്ക് റെയിൽവേ പുറമ്പോക്കിലെ കൂറ്റൻ മരങ്ങൾ കടപുഴകി വീഴുന്നത് പതിവായിട്ടും അധികൃതർ അനങ്ങുന്നില്ല. റെയിൽ പാളത്തിന് സമാന്തരാമായി ദേശീയപാത കടന്നുപോകുന്ന അമ്പലത്തുംകാല മുതൽ എഴുകോൺ മേൽപ്പാലംവരെയും റെയിൽവേ സ്റ്റേഷൻ മുതൽ ചീരങ്കാവ് വരെയുമാണ് വൻമരങ്ങൾ നിൽക്കുന്നത്. ഹൈടെൻഷൻ വൈദ്യുതി കമ്പികൾ കടന്നുപോകുന്നതും ഇതുവഴിയാണ്. വർഷങ്ങൾ പഴക്കമുള്ള വൻ മരങ്ങൾ പലതും ഉണങ്ങിയതും പിഴുതുവീഴാറായതുമാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ അമ്പലത്തുംകാല കോളന്നൂരിൽ മൂന്നിടങ്ങളിലാണ് മരങ്ങൾ റോഡിലേക്ക് മറിഞ്ഞത്. എഴുകോൺ ഗവ. പോളിയിലെയും ശ്രീനാരായണ സെൻട്രൽ സ്കൂളിലെയും വിദ്യാർഥികൾ ഉൾപ്പെടെ കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നു പോകവെയാണ് മരങ്ങൾ വീണത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ ട്രാക്കിലും മരം ഒടിഞ്ഞുവീണു. കഴിഞ്ഞ മാസം ബസിനും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും മുകളിലേക്ക് വൈദ്യുതി കമ്പികൾ തകർത്താണ് മരങ്ങൾ പതിച്ചത്. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കെ എൻ ബാലഗോപാൽ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഉദ്ഘാടനത്തിന് മുന്നേ മരം വീണ് തകർന്നത്.









0 comments