Deshabhimani

മാലിന്യവാഹിനി 
തെളിഞ്ഞൊഴുകുന്നു

നവീകരിച്ച കൊല്ലം തോട്. ഇരവിപുരം പനമൂട് നിന്നുള്ള കാഴ്ച
avatar
എസ് അനന്ദ വിഷ്ണു ​

Published on Mar 01, 2026, 01:43 AM | 2 min read

കൊല്ലം

നഗരത്തിന്റെ ചരിത്രവും സംസ്കാരവും പേറുന്ന ഒരു ജലപാതയെ മാലിന്യം കുമിഞ്ഞ്‌ നശിക്കുന്നതിൽനിന്ന്‌ വീണ്ടെടുത്തതിന്റെ നിറവിലാണ് എൽഡിഎഫ്‌ സർക്കാർ. യുഡിഎഫ്‌ ഭരണകാലത്തെ വിസ്മൃതിയുടെയും അവഗണനയുടെയും ഇരുൾക്കയത്തിൽനിന്ന് ജലസമൃദ്ധിയലേക്ക്‌ ഒഴുകി നിറയുകയാണ്‌ കൊല്ലം തോട്. മരണമണി മുഴങ്ങിയ അവസ്ഥയിൽനിന്ന്‌ ജലഗതാഗതേം സാധ്യമായ അവസ്ഥയിലേക്ക് തോടിനെ മാറ്റിയത്‌ സർക്കാരിന്റെ നിശ്ചയദാർഢ്യം. ബ്രിട്ടീഷ് കാലഘട്ടത്തിൽ കൊല്ലം തോട് തിരുവിതാംകൂറിന്റെ സാമ്പത്തിക സിരയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും തെക്കൻ തിരുവിതാംകൂറിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രമായിരുന്നു കൊല്ലം. അന്ന് ചരക്കുകൾ നീക്കംചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ടി എസ് കനാലിന്റെ ഭാഗമായിരുന്ന കൊല്ലം തോടായിരുന്നു. തിരുവനന്തപുരത്തെയും ഷൊർണ്ണൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ നീണ്ട ജലപാത കൊല്ലം നഗരത്തെ വളർത്തി. കൊല്ലം തോട്ടിലൂടെ മലയോര മേഖലകളിൽ നിന്നുള്ള ചരക്കുകൾ കൊല്ലത്ത് എത്തിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുകൊണ്ടു പോയി. ​കൊല്ലം നഗരത്തെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമാക്കി മാറ്റിയതിലും പ്രധാന പങ്കുവഹിച്ചു കൊല്ലം തോട്. സംസ്ഥാനത്തെ എണ്ണം പറഞ്ഞ ഓട്ടു കമ്പനികൾ അധികവും ഇ‍ൗ തോടിന്റെ തീരത്ത് സ്ഥാപിക്കപ്പെട്ടു. 2014–-15 കാലത്ത്‌ കൊല്ലം തോട് ഏകദേശം നിർജീവമായ അവസ്ഥയിലായി. പലയിടത്തും നീരൊഴുക്ക് തടസ്സപ്പെട്ടു. മാലിന്യം കുന്നുകൂടി. നഗരത്തിലെ ഓടകളിൽനിന്നുള്ള കറുത്ത മലിനജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും തോടിനെ ദുർഗന്ധവാഹിനിയാക്കി. ആഫ്രിക്കൻ കുളവാഴയും പോളയും പായലും നിറഞ്ഞു. ​തീരങ്ങളിൽ ഉണ്ടായിരുന്ന വീടുകളിൽനിന്നുള്ള വിസർജ്യങ്ങൾ ഉൾപ്പെടെ വെള്ളത്തിലെത്തി. ​പടിപടിയായി ജീവനിലേക്ക്‌ ​ദേശീയ ജലപാതയുടെ ഭാഗമായി കൊല്ലം തോടിനെ വികസിപ്പിക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചതോടുകൂടി കൊല്ലം തോടിന്റെ നല്ലകാലം ആരംഭിച്ചു. കനാൽ സിറ്റി പദ്ധതിയുടെയും കിഫ്ബിയുടെയും ഭാഗമായി കോടിക്കണക്കിനു രൂപയാണ് തോടിന്റെ നവീകരണത്തിനായി ചെലവഴിച്ചത്. എം നൗഷാദ് എംഎൽഎയും എം മുകേഷ് എംഎൽഎയും തോടിനായി നിരന്തരം ഇടപെട്ടു. തോടിന്റെ ഇരുകരകളിലും താമസിച്ചവരെ പുനരധിവസിപ്പിക്കുവാനും അവർക്ക്‌ മയ്യനാടും വലിയവിളയിലും വളക്കടവിലുമായി ഫ്ലാറ്റുകൾ നൽകുവാനും സർക്കാരിന് സാധിച്ചു. ​​മാറ്റം കണ്ടറിയാം വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കംചെയ്ത് തോടിന്റെ ആഴം വർധിപ്പിച്ചു. 2.2 മീറ്ററോളമാണ്‌ ആഴം വർധിപ്പിച്ചത്. വീതി കുറവായ സ്ഥലങ്ങളിൽ വീതി വർധിപ്പിച്ചു. വശങ്ങൾ ഇടിഞ്ഞു വീഴാതിരിക്കാൻ നടപടിയുണ്ടായി. ബോട്ട് ഗതാഗതത്തിന് തടസ്സമായിരുന്ന താഴ്ന്ന പാലങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമിച്ചു. മരണത്തിൽനിന്ന്‌ തോട്‌ ജീവനിലേക്ക്‌ തിരികെയെത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home