മിനി എംസിഎഫുകൾ നിറഞ്ഞു
കുളത്തൂപ്പുഴയിൽ മാലിന്യനീക്കം അവതാളത്തിൽ


സ്വന്തം ലേഖകൻ
Published on Jun 30, 2026, 12:30 AM | 1 min read
അഞ്ചൽ
കുളത്തൂപ്പുഴ പഞ്ചായത്തിൽ മിനി എംസിഎഫുകൾ നിറഞ്ഞു കവിഞ്ഞിട്ടും മാലിന്യം നീക്കംചെയ്യാൻ നടപടിയില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നശേഷം ഇതുവരെയും എംസിഎഫുകളിൽനിന്ന് മാലിന്യം നീക്കം ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മിനി എംസിഎഫുകൾ നിറഞ്ഞുകവിഞ്ഞതോടെ ഇവയ്ക്ക് ചുറ്റും മാലിന്യം ചാക്കിൽകെട്ടി ഉപേക്ഷിക്കുകയാണ്. തെരുവുനായകളും കാട്ടുപന്നികളും ചാക്കുകൾ തകർത്ത് മാലിന്യം വലിച്ച് പുറത്തിടുന്നതും മറ്റൊരു പ്രശ്നമാണ്. പലയിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപവും വീടുകൾക്ക് സമീപവുമാണ് മിനി എംസിഎഫുകൾ സ്ഥാപിച്ചിട്ടുള്ളത്. ദുർഗന്ധം മൂലം വഴിയാത്രക്കാരും സമീപവാസികളും ദുരിതത്തിലാണ്. പലതവണ പരാതി പറയുമ്പോൾ മാലിന്യം വീണ്ടും ചാക്കിലാക്കി അവിടെത്തന്നെ ഉപേക്ഷിക്കുകയാണ്. നേരത്തെ മാലിന്യനിർമാർജനം കൃത്യമായി നടന്ന പഞ്ചായത്താണ് കുളത്തൂപ്പുഴ. ഹരിതകർമ സേനയുടെ പ്രവർത്തനമടക്കം മാതൃകാപരമായിരുന്നു. സേനയുടെ പ്രവർത്തനം വേഗത്തിലാക്കാൻ വീടുകളിൽ ബയോബിൻ സ്ഥാപിച്ചു. വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള ജൈവ മാലിന്യങ്ങൾക്കായി തുമ്പൂർമൊഴി മോഡൽ ഏറോബിക് കമ്പോസ്റ്റ് ബിന്നും സ്ഥാപിച്ചു. എന്നാൽ, ഇത്തവണ മഴക്കാലപൂർവ ശുചീകരണംപോലും പഞ്ചായത്തിൽ നടന്നിട്ടില്ലെന്നാണ് ആരോപണം. വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.











0 comments