മലയോരം ഭീതിയിൽ

സ്വന്തം ലേഖിക
Published on Jul 31, 2026, 01:22 AM | 1 min read
കൊല്ലം
ജില്ലയെ ഭീതിയിലാഴ്‍ത്തി വീണ്ടും വന്യമൃഗ ആക്രമണം. വളർത്തുമൃഗങ്ങളും കൊല്ലപ്പെടുന്നു. കഴിഞ്ഞ ദിവസം പിറവന്തൂർ അലിമുക്കിൽ ഇറങ്ങിയ പുലി രണ്ട് ആടുകളെ പിടിച്ചു. നാട്ടുകാർ ബഹളം വച്ചതോടെ ആടിനെ ഉപേക്ഷിച്ച് പുലികടന്നു. ഇതിനു സമീപം കുട്ടിവനത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത് രണ്ടാഴ്‌ച മുന്പാണ്. നിത്യേനയുണ്ട് കാട്ടുപന്നികളുടെ ശല്യം. മലയോരം വിട്ട് വനം മന്ത്രിയുടെ മണ്ഡലമായ ചവറ വരെ കാട്ടുപന്നികൾ വിലസുകയാണ്. വലിയതോതിലാണ് കൃഷിവിളകളും വന്യമൃഗ ആക്രമണങ്ങളില്‍ നഷ്ടമാകുന്നത്. പക്ഷേ, പ്രതിരോധ പ്രവര്‍ത്തനം പലയിടത്തുമില്ല. ആനയും പുലിയും കടുവയും കാട്ടുപോത്തും ജനവാസമേഖലകളില്‍ വിഹരിക്കുന്നതിനെ തുടർന്ന് ഒട്ടേറെപ്പേർ കൃഷിയും വീടും സ്ഥലവും ഉപേക്ഷിച്ചുപോകാൻ തയ്യാറെടുക്കുകയാണ്. കാട്ടുപന്നിക്കും കാട്ടാനകൾക്കും പുറമെ കാടിറങ്ങി കൃഷിനശിപ്പിക്കുന്ന കുരങ്ങിന്റെയും മലയണ്ണാന്റെയും ശല്യത്തിൽ നാളികേര കൃഷിയും ഉപേക്ഷിക്കുകയാണ് കർഷകർ. വെള്ളയ്ക്ക പ്രായമാകുമ്പോൾത്തന്നെ ഇവയുടെ ശല്യം തുടങ്ങും. അരിക് തുരന്ന് ഇളനീർ കുടിക്കുകയാണ് ഇവരുടെ പതിവ്. താഴെനിന്ന് നോക്കുമ്പോൾ കുലയിൽ നാളികേരം കാണുമെങ്കിലും മുകളിലെത്തിയാൽ തുരന്നവ മാത്രമായിരിക്കും ഉണ്ടാകുകയെന്ന് കർഷകർ പറയുന്നു. ഇതോടെ വനാതിർത്തികളിലുള്ള നാളികേര കൃഷി പകുതിയിലേറെ കുറഞ്ഞു. തെന്മല, ചാലിയക്കര, ഒറ്റക്കല്ല് മേഖലകളിലുള്ളവർ ഇവയുടെ ശല്യം കാരണം കാർഷിക വൃത്തി നിർത്തിവയ്ക്കുകയാണ്. വനത്തോട് ചേർന്നുകിടക്കുന്ന പിറവന്തൂർ ചെല്ലപ്പള്ളി, പൂങ്കുളഞ്ഞി, പാടം മേഖലകളിൽ കാട്ടാനയും പുലിയും ഉൾപ്പെടെ വന്യജിവികൾ വിഹരിക്കുകയാണ്. വേണം കള്ളിങ് മൃഗങ്ങൾ ആവശ്യത്തിലേറെ പെരുകിയാൽ കൊന്നൊടുക്കുന്ന (കള്ളിങ്) രീതി ഇവിടെയും ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. ശല്യവിഭാഗങ്ങളെന്ന് മനുഷ്യർ നിർണയിക്കുന്ന വന്യജീവികളെ കൊന്നൊടുക്കുന്നതിനെയാണ് കള്ളിങ് എന്ന് പറയുന്നത്. ഓസ്ട്രേലിയയിൽ ദേശീയ മൃഗമായ കംഗാരുവിനെപ്പോലും കൊന്നൊടുക്കി എണ്ണം നിയന്ത്രിക്കുന്പോൾ ജീവനും സ്വത്തിനും ഒരുപോലെ ഭീഷണി ഉയർത്തുന്ന കാട്ടുപന്നി അടക്കമുള്ള മൃഗങ്ങളെ കൊന്നൊടുക്കണമെന്നാണ് ആവശ്യം.










0 comments