മനുഷ്യസ്‌നേഹത്തിന്റെ ലോകജാലകക്കാഴ്‌ച

സുരേഷ് വെട്ടുകാട്ട്
Published on May 31, 2026, 01:51 AM | 1 min read
കരുനാഗപ്പള്ളി
കൈയിൽ ആകെയുണ്ടായിരുന്ന സമ്പാദ്യം ഒരു മനുഷ്യജീവനെ തിരികെ എത്തിക്കാൻ പകർന്നു നൽകിയ സോഫിയുടെ ഫോണിലേക്ക് ആ വിളിയെത്തി. ആ കരുതലിനും സ്‌നേഹത്തിനും എങ്ങനെ നന്ദി പറയണമെന്ന് അറിയാതെ അബ്ദുൽ റഹിം വിതുന്പി, ഒപ്പം സോഫിയും. ലോകജാലകം തുറക്കുന്പോൾക്കണ്ട മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃക. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി റിയാദിലെ ഇസ്കാൻ ജയിലിൽ 20 വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം വിട്ടയച്ച രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹിം തിരികെയെത്തിയതിന്റെ ആത്മഹർഷത്തിലാണ് ക്ലാപ്പന പടന്നകുന്നേൽ സോഫി ബെന്നി എന്ന വീട്ടമ്മ. റഹീമിന്റെ മോചനത്തിന് 47 കോടി സമാഹരിക്കാൻ രണ്ടുവർഷം മുമ്പ് എറണാകുളത്ത് ടൗൺഹാളിൽ ബോബി ചെമ്മണ്ണൂർ എത്തിയപ്പോഴായാണ് സോഫി താലിയും സ്വർണക്കുരിശും കൈമാറിയത്. പിന്നീടിങ്ങോട്ട് ഓരോദിവസവും റഹിമിന്റെ മോചന വാർത്തയ്ക്കായി കാതോർത്തു. കഴിഞ്ഞദിവസം റഹിം പുറത്തിറങ്ങി എന്നറിഞ്ഞപ്പോൾ അതിരില്ലാത്ത സന്തോഷമായിരുന്നുവെന്ന് സോഫി പറയുന്നു. നാട്ടിലെത്തിയ ദിവസം റഹീമും ഉമ്മ ഫാത്തിമയും സോഫിയെ വീഡിയോ കോളിൽ വിളിച്ചു. ജീവിതം തിരിച്ചുനൽകിയ ലക്ഷക്കണക്കിനു മനുഷ്യർക്ക് ഒപ്പം ചേർന്നതിൽ കൈകൂപ്പി നന്ദി പറഞ്ഞു. താമസിയാതെ നാട്ടിൽവന്ന് നേരിട്ട് കാണാമെന്നും പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. ഒരു മനുഷ്യജീവൻ രക്ഷിക്കാൻ തന്നാലാവുന്നത് ചെയ്തു എന്നതിനപ്പുറം ആയിരക്കണക്കിനു മനുഷ്യരുടെ കൂട്ടായ്മയിൽപ്പെട്ട എന്നെത്തേടി റഹീമിന്റെ വിളി വരുമെന്ന് സോഫി പ്രതീക്ഷിച്ചില്ല. ബ്യൂട്ടിപാർലർ തൊഴിലാളിയായ സോഫിയും പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് ബെന്നിയും അടങ്ങുന്ന കുടുംബം തുച്ഛമായ വരുമാനത്തിലാണ് മുന്നോട്ടുപോകുന്നത്. ഒരു ചെറിയ വീട്ടിലാണ് താമസം. സ്വന്തമായി മെച്ചപ്പെട്ട വീട് ഏറെ നാളത്തെ സ്വപ്നമാണ്. ആ പ്രയാസങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കിയാണ് കൈയിലുണ്ടായിരുന്ന സമ്പാദ്യം മനുഷ്യജീവനുവേണ്ടി കൈമാറിയത്. സ്കൂൾ വിദ്യാർഥികളായ ഷാരോൺ, ആരോൺ, ആൻ മരിയ എന്നിവർ മക്കളാണ്.










0 comments