വികസനം നിലച്ചു; കുടിശ്ശികയില്‍ തദ്ദേശസ്ഥാപനങ്ങൾ

അമൽ ഷൈജു
Published on Aug 04, 2026, 12:40 AM | 2 min read
കൊല്ലം
അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ നാടിന്റെ സാമ്പത്തിക അടിത്തറയിളക്കി യുഡിഎഫ് സർക്കാർ. തദ്ദേശ പ്ലാൻ ഫണ്ടിലെ കടുംവെട്ടിൽ കാർഷിക, ആരോഗ്യ, ക്ഷേമ മേഖലകളെല്ലാം കൂപ്പുകുത്തി. കാർഷിക–അനുബന്ധ മേഖലകൾ, ആരോഗ്യമേഖല, ലൈഫ് ഭവനപദ്ധതി, മാലിന്യസംസ്കരണം തുടങ്ങി സർവമേഖലകളും സ്തംഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം അനുമതി കിട്ടിയ പദ്ധതികളിൽ മൂന്നിലൊന്നും ജൂലൈ 30ന് ചേർന്ന യോഗത്തിൽ ഫണ്ടില്ലെന്ന പേരിൽ ഒഴിവാക്കി. സ്പിൽഓവർ പദ്ധതികളുടെ തുക ലഭിക്കാത്തതിനാൽ കരാറുകാർ ആത്മഹത്യയുടെ വക്കിലാണ്. തെരുവുനായകളെ നിയന്ത്രിക്കാൻ സുപ്രീംകോടതി നിർദേശപ്രകാരമുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോകാനായില്ല. തെരുവുവിളക്കുകളുടെ പരിപാലനവും പുതിയവ സ്ഥാപിക്കുന്നതും മുടങ്ങി. ഗ്രാമസഭകൾചേർന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനായിട്ടില്ല. അങ്കണവാടികളിൽ പോഷകാഹാരം നൽകാനുള്ള പദ്ധതിയിൽ ഒരുകോടിയോളം രൂപ കുടിശ്ശികയാണ്. സമൃദ്ധിയുടെ ഓണക്കാലം കാത്തിരുന്നവർക്ക് പട്ടിണി വിളമ്പിയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യമാസങ്ങൾ കടന്നുപോകുന്നത്. "ആസൂത്രണ'ത്തിന് ആളില്ല തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണനേതൃത്വം ചുതമലയേറ്റ് ഏഴുമാസവും യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നുമാസവുമാകുന്നു. എന്നാൽ, വികസന പ്രവർത്തനങ്ങളുടെ അടിത്തറപാകുന്ന ജില്ലാ ആസൂത്രണ സമിതി ഇതുവരെ രൂപീകരിക്കാനായിട്ടില്ല. ജില്ലയുടെ സമഗ്ര കരട് വികസന പദ്ധതി തയ്യാറാക്കുന്ന സമിതിയുടെ ജനകീയ സ്വഭാവം നഷ്ടപ്പെട്ടു. വരണ്ടുണങ്ങി കാർഷികമേഖല മഴക്കാലം ലക്ഷ്യമിട്ട് ചിങ്ങത്തിൽ കൊയ്‌ത്ത് പ്രതീക്ഷിച്ച് ആരംഭിക്കേണ്ട കൃഷികൾ മുടങ്ങി. ക്ഷീരകർഷകർക്കുള്ള ഉൽപ്പാദന ബോണസ് മാസങ്ങളായി കുടിശ്ശികയാണ്. പശുക്കളെ വിൽക്കാൻവരെ സാധാരണ കൃഷിക്കാർ നിർബന്ധിതരാണ്. ഉൾനാടൻ മത്സ്യക്കൃഷിക്കുള്ള സബ്‌സിഡി നിലച്ചു. ജീവശ്വാസം തേടി ആരോഗ്യരംഗം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ജീവൻരക്ഷാമരുന്നുകൾ ഉൾപ്പെടെ ലഭ്യമല്ല. മെഡിക്കൽ ഓഫീസർമാരുടെ ആവശ്യപ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിമാർമുഖേന മെഡിക്കൽ സർവീസ് കോർപറേഷനാണ് മരുന്നുകൾ നൽകുന്നത്. പണമില്ലാത്തതിനാൽ അതും നിലച്ചു. ആരോഗ്യസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനവും മുടങ്ങി. ലൈഫ് തിരിച്ചടവില്ല ലൈഫ് പദ്ധതിപ്രകാരം വീടുനിർമിക്കാൻ സർക്കാർ വായ്പയെടുത്ത് നൽകുന്ന തുകയുടെ 20 ശതമാനം തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് തിരിച്ചടയ്ക്കുന്നത്. ഇത്തവണ തിരിച്ചടവ് മുടങ്ങി. പിഴപ്പലിശയടക്കം വലിയ ബാധ്യത തദ്ദേശസ്ഥാപനങ്ങൾ വഹിക്കേണ്ടിവരുമെന്നാണ് ആശങ്ക. ക്ഷേമമില്ല പാലിയേറ്റീവ് നഴ്സുമാർ, ബഡ്‌സ് സ്കൂൾ അധ്യാപകർ, സ്കൂൾ കൗൺസിലർമാർ തുടങ്ങിയവരുടെ വേതനം മുടങ്ങി. പട്ടികവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്, മറ്റ് വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾ മുടങ്ങി. പഠനോകരണ വിതരണം, പഠനമുറി തുടങ്ങിയവ നിലച്ചു. ബഡ്സ് സ്കൂളുകളുടെ കെട്ടിട വാടക, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയവ മുടങ്ങി. കണക്കിൽ പിഴച്ച് വിദ്യാഭ്യാസം എസ്‌എസ്‌കെ ഫണ്ട് ലഭിക്കാത്തതോടെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം നിലച്ചു. നവീകരണ പദ്ധതികൾ പാതിവഴിയിലാണ്. ബെഞ്ച്, ലാപ്‌ടോപ്പ് തുടങ്ങി ഉപകരണങ്ങൾക്കുവേണ്ടിയുള്ള പദ്ധതികളും നടപ്പായില്ല. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണസഹായവും മുടങ്ങി.










0 comments